കൽപ്പറ്റ : പിണങ്ങോട് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ കാറിൽ നിന്നും പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനിടെ മാരക ലഹരിമരുന്നുകൾ പിടികൂടി. വൈത്തിരി പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനിടയിലാണ് എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തത്. സംഭവത്തിൽ പിണങ്ങോട് സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പിണങ്ങോട് അത്തിമൂല ചാത്തോത്ത് ഭാഗത്തായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 17 എഫ് 8315 നമ്പർ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ വൈത്തിരി പോലീസും ചേർന്ന് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തു. ഈ സമയത്ത് പിണങ്ങോട് പനന്തറ വീട്ടിൽ പി. അബ്ദുൾ സമദ് (30), ഒട്ടുംപുരംകുന്ന് വണ്ണത്താൻ വീട്ടിൽ വി.വി. സൈനുദ്ധീൻ (29) എന്നിവർ പരിഭ്രമം കാണിച്ചത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ 1.07 ഗ്രാം എം.ഡി.എം.എയും 0.84 ഗ്രാം കഞ്ചാവും കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് കൈവശം വെച്ചതിന് ഇവർക്കെതിരെ കേസെടുത്ത പോലീസ്, വാഹനം കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് പോലീസ് നടപടികൾ സ്വീകരിച്ചത്.
