ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനംആകാശച്ചുഴിയിൽ പെട്ട് 12 പേർക്ക് പരുക്ക്. രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്ന 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആകാശച്ചുഴിയിൽ പെട്ട വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു.
AI379 വിമാനം ഡൽഹിയിൽ ഇറക്കിയെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും എയര്‍ഇന്ത്യ അറിയിച്ചു. ആകെ 134 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ഉയർന്നു പൊങ്ങിയ വിമാനം പെട്ടെന്ന് താഴേയ്ക്ക് പോകുന്നതു പോലെ തോന്നിയെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു. ചില യാത്രക്കാർക്ക് തലയ്ക്ക് ചെറിയ പരുക്കേറ്റിട്ടുണ്ട്. മറ്റു ചിലർക്ക് ശരീരത്തിൽ ചതവേറ്റിട്ടുണ്ട്. പരുക്കേറ്റവർക്ക് ആവശ്യമായ സഹായം നൽകുന്നുണ്ടെന്ന് എയർഇന്ത്യ അറിയിച്ചു.
എന്താണ് ആകാശച്ചുഴി
അന്തരീക്ഷ വായുവിന്റെ മർദത്തില്‍ ഉണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി. നേർരേഖയിൽ സഞ്ചരിക്കേണ്ട കാറ്റിന്റെ ഗതി താഴേക്കാകുന്നതിനാൽ ആകാശച്ചുഴിയിൽ പെടുന്ന വിമാനങ്ങൾ താഴേയ്ക്ക് പതിക്കും. വിമാനത്തിന്റെ പാതയ്ക്ക് കുറകെ വേഗവ്യത്യാസമുള്ള വായു പ്രവാഹമുണ്ടായാലും ഇതുതന്നെ സംഭവിക്കാം. വിമാനത്തിന്റെ ചിറകുകൾക്ക് മുകളിലും താഴെയുമുള്ള വായു മർദത്തിന്റെ വ്യത്യാസം കൊണ്ട് വിമാനം താഴെ വീഴാതെ നിൽക്കുന്നു.
