സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളില്‍ ഓഗസ്റ്റ് 15 മുതല്‍ സബ് ഇന്‍സ്പെക്ടര്‍മാരെ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരായി (എസ്എച്ച്ഒ) നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന ചുമതലയിലാണ് ആഭ്യന്തര വകുപ്പ് സമൂലമായ മാറ്റം വരുത്തുന്നത്. രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
നേരിട്ട് ജോലിയില്‍ പ്രവേശിക്കുന്ന യുവതീയുവാക്കള്‍ക്ക് പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും നല്‍കുന്നത് അവരുടെ കാര്യക്ഷമതയും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 484 ലോ ആന്‍ഡ് ഓര്‍ഡര്‍ പോലിസ് സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കാന്‍ പുതിയ മാറ്റം ഉപകരിക്കും. ഇതില്‍ 419 പോലിസ് സ്റ്റേഷനുകളിലാണ് ഓഗസ്റ്റ് 15 മുതല്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ എസ്എച്ച്ഒമാരായി ചുമതലയേല്‍ക്കുക. അതേസമയം, കൂടുതല്‍ പ്രാധാന്യമുള്ള 64 പോലിസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ എസ്എച്ച്ഒമാരായി തുടരും.
തന്ത്രപ്രധാനമായ മുല്ലപ്പെരിയാര്‍ പോലിസ് സ്റ്റേഷന്റെ നിര്‍ണായക പ്രാധാന്യം കണക്കിലെടുത്ത് അവിടെ എസ്എച്ച്ഒയുടെ ചുമതല ഡിവൈഎസ്പിക്ക് നല്‍കും. പുതിയ പരിഷ്കാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം സംസ്ഥാനത്തെ 63 പോലിസ് സ്റ്റേഷനുകളില്‍ വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍ എസ്എച്ച്ഒമാരായി ചുമതലയേല്‍ക്കുന്നു എന്നതാണ്. സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ കീഴില്‍ 200 പോലിസ് സര്‍ക്കിളുകള്‍ പുതിയതായി രൂപീകരിക്കും.
പോലിസ് സ്റ്റേഷനിലെത്തുന്ന ഓരോ വ്യക്തിയുടെയും അന്തസ്സ് മാനിച്ചുകൊണ്ട് സമയബന്ധിതമായി മികച്ച സേവനം നല്‍കുക എന്നതാണ് മൈ പോലിസ് സ്റ്റേഷന് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കസ്റ്റഡി മരണങ്ങളും മര്‍ദനങ്ങളും പൂര്‍ണമായി ഇല്ലാതാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ലോകത്തിലെ ഏറ്റവും അപരിഷ്കൃതമായ നടപടികളിലൊന്നായ മൂന്നാംമുറ ആരുടെ നേരെയും പ്രയോഗിക്കാന്‍ പാടില്ലെന്നും അത് നിയമവിരുദ്ധവും മാനവിക വിരുദ്ധവുമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കുറ്റകൃത്യം തെളിയിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതിനായി പോലിസ് സ്വീകരിക്കുന്ന വഴികളും.
