കേരളത്തിലെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാർക്ക് എ.ഐയുടെ പൂട്ട് : 86,000 പേര്‍ പുറത്തേക്ക്

കേരളത്തിലെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുടമകളില്‍ വലിയൊരു വിഭാഗത്തിന് തിരിച്ചടിയായി കേന്ദ്ര സര്‍ക്കാറിന്റെ നിര്‍മ്മിത ബുദ്ധി (എ.ഐ.) പരിശോധന. സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുടമകളില്‍ മൂന്ന് ലക്ഷം രൂപയ്ക്ക് മേല്‍ വാര്‍ഷിക വരുമാനമുള്ള 86,000 പേരെ എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ നടപടിയാരംഭിച്ചു.

 

ഈ വര്‍ഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട നിരവധി അനര്‍ഹര്‍ കടന്നുകൂടിയ വിവരം വ്യക്തമായത്. ആദായനികുതി അടയ്ക്കുന്നവരുടെ പട്ടികയും റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങളും ഒത്തുനോക്കിയാണ് കേന്ദ്രം ഈ വിവരങ്ങള്‍ ശേഖരിച്ച്‌ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കൈമാറിയത്.

കുടുംബത്തില്‍ ആരെങ്കിലും ആദായനികുതി ഒടുക്കുന്നവരാണെങ്കില്‍ അവരെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് നിലവിലുള്ള നിയമ വ്യവസ്ഥ. ഈ നിയമം കാറ്റില്‍പ്പറത്തി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ക്കെതിരെയാണ് ഇപ്പോള്‍ ഭക്ഷ്യവകുപ്പ് നടപടി കടുപ്പിക്കുന്നത്.അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ച്‌ സൗജന്യ റേഷന്‍ ധാന്യങ്ങള്‍ കൈപ്പറ്റിയവരില്‍ നിന്ന് വിപണി വില കണക്കാക്കി വലിയ തുക പിഴയായി ഈടാക്കാനാണ് തീരുമാനം. ഇവര്‍ ഇതുവരെ കൈപ്പറ്റിയ അരിക്ക് കിലോഗ്രാമിന് 40 രൂപയും ഗോതമ്പിന് കിലോഗ്രാമിന് 29 രൂപയും നിരക്കിലാകും പിഴ ഈടാക്കുക. അനര്‍ഹരായി കണ്ടെത്തിയവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ താലൂക്ക് തലത്തില്‍ പരിശോധിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് കൈമാറിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ താലൂക്ക് തലത്തില്‍ ഇവര്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങും.

ആദായനികുതി ദായകര്‍ക്ക് പുറമെ പി.എം. കിസാന്‍ പദ്ധതി പ്രകാരം സബ്സിഡി കൈപ്പറ്റിയ ഒരേക്കറിലധികം ഭൂമിയുള്ള വ്യക്തികളുടെ വിവരങ്ങളും കേന്ദ്രം പ്രത്യേകമായി ക്രോഡീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഭൂമിയുള്ള മുന്‍ഗണനാ വിഭാഗക്കാര്‍ക്കെതിരെയും വരുംദിവസങ്ങളില്‍ കര്‍ശന നടപടിയുണ്ടാകും. ഇതിനുപുറമെ, ജി.എസ്.ടി. രജിസ്‌ട്രേഷന്‍ എടുത്തവര്‍, സ്വന്തമായി കമ്പനി രൂപവത്കരണത്തിന് അപേക്ഷിച്ചവര്‍ തുടങ്ങിയവരുടെ വിവരങ്ങളും എ.ഐ. സംവിധാനം വഴി പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാപാരാവശ്യങ്ങള്‍ക്കായി മുന്‍പോട്ടു വന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളെയും കണ്ടെത്തി പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ താലൂക്ക് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

റേഷന്‍ കാര്‍ഡിലും പാുമന്‍േ കാര്‍ഡിലും ലിങ്ക് ചെയ്തിട്ടുള്ള ആധാര്‍ നമ്പറുകള്‍ പരസ്പരം ബന്ധിപ്പിച്ച്‌ എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അനര്‍ഹരെ കൃത്യമായി വേര്‍തിരിച്ചെടുത്തത്. ഇതോടെ വ്യാജ രേഖകള്‍ നല്‍കി ആനുകൂല്യം തട്ടിയെടുത്തിരുന്നവര്‍ കുടുങ്ങുകയായിരുന്നു. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതിലെ വിവരങ്ങള്‍ സമഗ്രമായി ക്രോഡീകരിച്ച്‌ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുമ്പോള്‍, അക്കാര്യം ‘സ്മാര്‍ട്ട് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം’ വഴി തത്സമയം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ആധുനിക സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ സജ്ജമാക്കിയിരിക്കുന്നത്.കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തിന്റെ എ.ഐ. അധിഷ്ഠിത പരിശോധനകള്‍ ഇനിയും തുടരുന്നതിനാല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അനര്‍ഹരുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകള്‍


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *