തിരൂരിൽ കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വധിക്കാൻ ശ്രമം, യുവതികളടക്കം അഞ്ചുപേർ അറസ്റ്റിൽ

മലപ്പുറം: കാമുകനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളെ ഉപയോഗിച്ച് ക്വട്ടേഷൻ നൽകി യുവാവിനെ തട്ടിക്കൊണ്ടുപോയി മൊബൈൽ ഫോൺ കവർച്ച ചെയ്ത് ക്രൂരമായി മർദ്ദിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികളടക്കം അഞ്ചുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.

 

പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. പട്ടാമ്പി സ്വദേശിനിയായ പനങ്ങാട്ട് തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ സ്വദേശികളായ കുട്ടിയസന്റെ പുരക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്.

 

കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം. പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെ സുഹൃത്തിന്റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പ്രതികൾ ഒത്തുചേർന്ന സ്ഥലത്തെത്തിച്ച് കാറിൽ കയറ്റി ക്രൂരമായി മർദ്ദിച്ചു. പിന്നീട് താഴെപ്പാലം പുഴയോരത്ത് റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.

 

യുവാവ് ഉടൻ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തിരൂർ താഴെപ്പാലത്ത് വെച്ചാണ് തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഞ്ചുപേരെയും പിടികൂടിയത്.

 

പിടിയിലായ ഇർഷാദും അസറുദ്ദീനും മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. ഇരുവരും മുമ്പ് ജയിൽവാസം അനുഭവിച്ചവരും തീരദേശ മേഖലയിൽ നടന്ന വധശ്രമം, അടിപിടി കേസുകളിൽ പ്രതികളുമാണ്.അഞ്ചുപേരെയും തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

തിരൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ അനുഷ ഗോപിനാഥ്, മിഥുൻ, നസീർ തിരൂർക്കാട്, എ.എസ്.ഐ രജീഷ്, സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, ആശിഷ് സ്റ്റീഫൻ, സൈജു, അനന്ദു, ആദർശ്, ദിൽജിത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!