ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ തട്ടിയെടുത്തത് 1.34 കോടി! 23-കാരന്‍ വിമാനം കയറി ദുബായിലേക്ക് കടക്കാന്‍ നോക്കവേ കരിപ്പൂരില്‍ വെച്ച്‌ പിടികൂടി പോലീസ്

കോഴിക്കോട്:ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ വന്‍ തുക വാഗ്ദാനം ചെയ്ത് 1.34 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പിടികൂടി പോലീസ്.

 

വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി മലഞ്ഞവീട്ടില്‍ സയ്യിദ് സഫ്വാനെ (23) ആണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ അന്വേഷണസംഘം പൊക്കിയത്.

 

കാളറം കിഴുത്താണി സ്വദേശിയായ വ്യവസായിയാണ് ഈ തട്ടിപ്പുസംഘത്തിന്റെ വലയില്‍ വീണത്. ‘ഇക്കണോമിക് ടൈംസ്’ പത്രത്തില്‍ കണ്ട ഷെയര്‍ ട്രേഡിങ് പരസ്യത്തില്‍ ആകൃഷ്ടനായി എത്തിയ പരാതിക്കാരനെ പ്രതികള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയായിരുന്നു തട്ടിപ്പിന് തറക്കല്ലിട്ടത്. തുടര്‍ന്ന് വ്യാജ വെബ്സൈറ്റ് ലിങ്കുകളും ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളും നല്‍കി ഇയാളെ വിശ്വസിപ്പിച്ചു. 2024 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിവിധ അക്കൗണ്ടുകളിലേക്ക് 1,34,50,000 രൂപയാണ് പരാതിക്കാരന്‍ അയച്ചുകൊടുത്തത്. എന്നാല്‍ നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ ലഭിക്കാതായതോടെയാണ് തട്ടിപ്പ് പുറത്തായത്.

 

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 20 ലക്ഷം രൂപ വയനാട് വൈത്തിരി സ്വദേശിയായ ഏഴാംപ്രതി ഷനൂഥിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തി. ഇയാളെ കഴിഞ്ഞ ജൂണില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷനൂഥിനെ ചോദ്യം ചെയ്തപ്പോഴാണ് ബന്ധുവായ സയ്യിദ് സഫ്വാന്റെ നിര്‍ദേശപ്രകാരമാണ് തുക പല അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

 

തുടര്‍ന്ന് പത്താം പ്രതിയായി സഫ്വാനെ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇയാള്‍ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളുകയും, 10 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി ദുബായിലേക്ക് വിമാനം കയറാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രതിയെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച്‌ തൃശ്ശൂര്‍ റൂറല്‍ പോലീസിന് കൈമാറുകയായിരുന്നു.

 

കേസില്‍ ഇതുവരെ 10 പ്രതികളെ പോലീസ് വലയിലാക്കിയിട്ടുണ്ട്. തൃശ്ശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ. എ. അഷറഫ്, ജി.എസ്.ഐ. പി.എസ്. സുജിത്ത്കുമാര്‍, ജി.എ.എസ്.ഐ. എ.കെ. മനോജ്, സി.പി.ഒ. പവിത്രന്‍ എന്നിവരാണ് മിന്നല്‍ പരിശോധന നടത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!