മുട്ടിൽ: ഗുണനിലവാരം കുറഞ്ഞ ഇരുമ്പ് പാത്രങ്ങളിൽ അലുമിനിയം സ്പ്രേ പെയിന്റടിച്ച് അലുമിനിയം പാത്രങ്ങളെന്ന വ്യാജേന വിൽപന നടത്തിവന്ന യു.പി സ്വദേശികളായ 15 അംഗ സംഘം പിടിയിൽ. വാര്യാട്ടുവെച്ചാണ് തട്ടിപ്പ് സംഘത്തെ കണ്ടെത്തിയത്. മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറും മീനങ്ങാടി പോലീസും ചേർന്ന സംയുക്ത പരിശോധനയിലാണ് നടപടി.
10 ബൈക്കുകളിലായി ജില്ലയിലുടനീളം സഞ്ചരിച്ചാണ് സംഘം കബളിപ്പിക്കൽ വിൽപന നടത്തിവന്നിരുന്നത്. കാഴ്ചയിൽ പെട്ടെന്ന് തിരിച്ചറിയാത്ത വിധം ഇരുമ്പ് പാത്രങ്ങൾക്ക് മുകളിൽ അലുമിനിയം സ്പ്രേ പെയിന്റടിച്ചായിരുന്നു തട്ടിപ്പ്. സംഘത്തിൽ നിന്നും 10 ബൈക്കുകളും ധാരാളം വ്യാജ പാത്രങ്ങളും ഇവ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന സ്പ്രേ പെയിന്റ് ഉൾപ്പെടെയുള്ള സാമഗ്രികളും പോലീസ് പിടിച്ചെടുത്തു.
ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്ന സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. അപരിചിതരിൽ നിന്നും ഗുണനിലവാരം ഉറപ്പുവരുത്താത്ത പാത്രങ്ങളും ഉൽപ്പന്നങ്ങളും വാങ്ങുമ്പോൾ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
