ഉപഭോക്താക്കള്‍ക്ക് മുട്ടന്‍പണി കൊടുത്ത് എസ്ബിഐ. ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്കുള്ള സേവന നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് എസ്ബിഐ ഇപ്പോള്‍. ഇത് പ്രകാരം ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിമാസം ആകെ നാല് തവണ മാത്രമെ സൗജന്യമായി പണം പിന്‍വലിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.
അഞ്ചാമത്തെ തവണ മുതല്‍ നിശ്ചിത നിരക്ക് പണം പിന്‍വലിക്കുന്നതിന് ഈടാക്കും. ഓരോ അധിക പിന്‍വലിക്കലിനും 15 രൂപയും അതിനുമേലുള്ള ജിഎസ്ടിയും ബാങ്ക് ഈടാക്കും. പുതിയ നിബന്ധനകള്‍ 2026 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നാല് സൗജന്യ പിന്‍വലിക്കലുകള്‍ കണക്കാക്കുന്ന രീതിയിലാണ് ഇപ്പോള്‍ പ്രധാന മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ, പ്രതിമാസ പരിധിയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
എന്നാല്‍ ഒക്ടോബര്‍ 1 മുതല്‍, സൗജന്യ പിന്‍വലിക്കലുകളുടെ എണ്ണം കണക്കാക്കുമ്പോള്‍ ഡിജിറ്റല്‍ ഇടപാടുകളും ഇതില്‍ ഉള്‍പ്പെടുത്തും. എസ്ബിഐയുടെയും മറ്റ് ബാങ്കുകളുടെയും എടിഎമ്മുകള്‍, ബാങ്ക് ശാഖകള്‍, ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവ വഴിയുള്ള പണം പിന്വലിക്കലുകളെല്ലാം ഈ നാല് സൗജന്യ പരിധിയില്‍ ഉള്‍പ്പെടുന്നു. മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട ബാധ്യതയില്ലാതെ ലളിതമായ ഒരു ബാങ്ക് അക്കൗണ്ട് ആഗ്രഹിക്കുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് എസ്ബിഐയുടെ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്.
