35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം; 23-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ 

ധാക്ക : ബംഗ്ലാദേശിന്റെ 23-ാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) മുതിർന്ന നേതാവ് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ . ബംഗ്ലാദേശ് പാർലമെന്റായ ജാതിയ സംഘസദിൽ നടന്ന മത്സരത്തിൽ എതിർസ്ഥാനാർത്ഥിയായ ഒലി അഹമ്മദിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ഭരണഘടനാ പരമോന്നത പദവിയിലെത്തിയത്.

 

ഭരണകക്ഷിയായ ബി.എൻ.പിയുടെ പിന്തുണയോടെ മത്സരിച്ച ആലംഗീറിന് 255 വോട്ടുകൾ ലഭിച്ചപ്പോൾ, പ്രതിപക്ഷ സഖ്യത്തിന്റെ പിന്തുണയുണ്ടായിരുന്ന ഒലി അഹമ്മദിന് 88 വോട്ടുകൾ മാത്രമാണ് നേടാനായത്. മുൻ പ്രസിഡന്റ് അഹമ്മദ് ഷഹാബുദ്ദീൻ രാജി വെച്ചതിനെ തുടർന്നാണ് രാജ്യത്ത് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 35 വർഷത്തിന് ശേഷമാണ് ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നിലധികം സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്ന തെരഞ്ഞെടുപ്പ് നടന്നത് എന്ന പ്രത്യേകതയുമുണ്ട്.

 

​1948 ജനുവരി 26-ന് ഠാക്കൂർഗാവിലാണ് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ ജനിച്ചത്. ധാക്ക സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് കടന്നുവന്നത്. 1969-ലെ അയ്യൂബ് ഖാൻ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിൽ വിദ്യാർത്ഥി നേതാവായി സജീവ പങ്കുവഹിച്ച അദ്ദേഹം പിന്നീട് കോളേജ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980-കളുടെ അവസാനത്തോടെ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ ആലംഗീർ, പിന്നീട് ബി.എൻ.പിയിൽ ചേർന്ന് പ്രാദേശിക ഭരണതലങ്ങളിൽ നിന്നാണ് ഉയർന്നുവന്നത്. മുൻപ് കാർഷിക, വ്യോമയാന മന്ത്രാലയങ്ങളുടെ സഹമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

 

ദശകങ്ങൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ബി.എൻ.പിയുടെ ജനറൽ സെക്രട്ടറിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് പ്രതിപക്ഷ നേതാവെന്ന നിലയിൽ ശക്തമായ പ്രക്ഷോഭങ്ങൾക്കും പാർട്ടിയെ മുന്നോട്ട് നയിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. ഇതിന്റെ പേരിൽ നിരവധി തവണ ജയിൽവാസവും നിയമനടപടികളും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിനെ തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പാർലമെന്റ് അംഗത്വത്തിൽ നിന്നും അദ്ദേഹം രാജി സമർപ്പിച്ചിരുന്നു. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ബംഗ്ലാദേശിന്റെ പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഒരുങ്ങുകയാണ് ഈ മുതിർന്ന രാഷ്ട്രീയ തന്ത്രജ്ഞൻ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!