ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തമാക്കി ഡൽഹി പോലീസ് ; നടപടി പുതിയ പ്രതിഷേധ ഭീഷണികൾക്കിടെ 

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കുന്ന വൻകിട പ്രതിഷേധങ്ങളും സമരങ്ങളും കാര്യക്ഷമമായി പ്രതിരോധിക്കുന്നതിനായി രഹസ്യാന്വേഷണ (ഇന്റലിജൻസ്) സംവിധാനങ്ങൾ കടുപ്പിച്ച് ഡൽഹി പോലീസ്.

 

ജന്തർ മന്തർ, പാർലമെന്റ് പരിസരം തുടങ്ങി തന്ത്രപ്രധാനമായ മേഖലകളിൽ തടിച്ചുകൂടുന്ന ജനക്കൂട്ടത്തിന്റെ വ്യാപ്തിയും സ്വഭാവവും കൃത്യമായി വിലയിരുത്താൻ പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന് പ്രത്യേക ചുമതല നൽകി.ക്രമസമാധാന ലംഘനങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് തടയുന്നതിന്റെ ഭാഗമായി പ്രാദേശിക വിവരശേഖരണവും നിരീക്ഷണവും ശക്തമാക്കാൻ സ്പെഷ്യൽ കമ്മിഷണർമാർക്ക് ഡൽഹി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ജനകീയ പ്രതിഷേധങ്ങളിലേക്ക് വിരുദ്ധ ശക്തികളും ക്രിമിനൽ പശ്ചാത്തലമുള്ളവരും നുഴഞ്ഞുകയറുന്നത് തടയുകയാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രധാന ലക്ഷ്യം. സമരങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, അവരുടെ തന്ത്രങ്ങൾ, യാത്രാ വഴികൾ എന്നിവ മുൻകൂട്ടി ശേഖരിച്ച് പോലീസിന്റെ ക്രമസമാധാന വിഭാഗത്തിന് ഇവർ തത്സമയം കൈമാറും. ഇതിനായി സമരസ്ഥലങ്ങളിലും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും സാദാ വസ്ത്രത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരെയും (സ്പോട്ടേഴ്സ്) ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളെയും വ്യാപകമായി ഉപയോഗപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.

 

സമരങ്ങളുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിച്ച് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സോഷ്യൽ മീഡിയ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സ്‌പെഷ്യൽ സെല്ലിന്റെ ‘ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്’ (IFSO) വിഭാഗവും ക്രൈം ബ്രാഞ്ചും ചേർന്നാണ് ഡിജിറ്റൽ ഇടങ്ങളിലെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. അനാവശ്യമായി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നഗരത്തിൽ കൂടുതൽ സേനയെ സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!