ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാര ദമ്പതികൾ പോലീസ് പിടിയിൽ

ഡൽഹി :പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി (ISI) ബന്ധപ്പെട്ട് പ്രവർത്തിച്ച ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ. രണ്ട് വർഷത്തോളമായി പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാർക്കായി പ്രവർത്തിച്ചിരുന്ന സൗത്ത് ഡൽഹി സരായ് കാലേ ഖാൻ സ്വദേശികളായ മുഹമ്മദ് സാഹിദ് (25), ഭാര്യ സമീറ (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് പാകിസ്ഥാൻ ഹാൻഡ്‌ലർമാരുമായി നടത്തിയ സുപ്രധാന ചാറ്റുകളും വിവരങ്ങളും ഫോറൻസിക് പരിശോധനയിലൂടെ പോലീസ് കണ്ടെടുത്തു.

 

ഇൻസ്റ്റാഗ്രാം വഴിയാണ് ദമ്പതികൾ പാകിസ്ഥാൻ ഏജന്റുമാരുമായി ബന്ധം സ്ഥാപിച്ചത്. സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് ഇവരെ ചാരപ്രവർത്തനത്തിലേക്ക് ആകർഷിക്കുകയായിരുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ സിം കാർഡുകൾ ശേഖരിച്ച് ദുബായ് വഴി പാകിസ്ഥാനിലേക്ക് എത്തിച്ചു നൽകുകയായിരുന്നു ഇവരുടെ പ്രധാന ചുമതല. എട്ട് ഇന്ത്യൻ സിം കാർഡുകൾ ഇത്തരത്തിൽ എത്തിച്ചുകൊടുത്തതിന് 30,000 രൂപ ഇവർക്ക് പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. ഈ സിം കാർഡുകൾ ഉപയോഗിച്ച് പാകിസ്ഥാനിലിരുന്ന് വാട്‌സ്ആപ്പ് അക്കൗണ്ടുകൾ തുറക്കുകയും, ഇന്ത്യയിലെ വിവിധ ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈനിക-പ്രതിരോധ സംബന്ധമായ അതീവ രഹസ്യ വിവരങ്ങൾ ചോർത്തുകയുമായിരുന്നു ഇവരുടെ രീതി.

 

ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്താൻ ആളുകളെ റിക്രൂട്ട് ചെയ്യാനും കോർട്ട് മാർഷൽ നടപടികൾ നേരിടുന്ന സൈനികരുടെ വിവരങ്ങൾ ശേഖരിക്കാനും ഈ ദമ്പതികൾക്ക് നിർദ്ദേശം ലഭിച്ചിരുന്നതായി സ്പെഷ്യൽ സെൽ ഡിസിപി നർറ ചൈതന്യ വ്യക്തമാക്കി.

 

എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകൾ വഴി പാക് ഏജന്റുമാർ സ്ലീപ്പർ സെല്ലുകളുമായി എങ്ങനെയാണ് ഏകോപനം നടത്തിയിരുന്നതെന്ന നിർണായക വിവരങ്ങൾ പ്രതികളെ ചോദ്യം ചെയ്തതിലൂടെ അന്വേഷണ സംഘത്തിന് ലഭിച്ചു. ബിരുദധാരിയായ സാഹിദ് മുൻപ് അഭിഭാഷകന്റെ കൂടെ ജോലി ചെയ്തിരുന്ന ആളും, സമീറ കോൾ സെന്റർ ജീവനക്കാരിയുമായിരുന്നു. ഇവരുടെ അറസ്റ്റിലൂടെ രാജ്യത്തിനെതിരായ വലിയൊരു ചാരശൃംഖലയെയാണ് സുരക്ഷാസേന തകർത്തത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!