ജിഎസ്ടി രജിസ്‌ട്രേഷന് ആധാര്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ജിഎസ്ടി രജിസ്‌ട്രേഷന്‍ നേടുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. മറ്റുള്ളവരുടെ പാന്‍, ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ജിഎസ്ടി രജിസ്‌ട്രേഷന്‍ നേടുന്നതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയാണ് കോടതി കര്‍ശന നിര്‍ദേശം മുന്നോട്ടുവച്ചത്.

 

മറ്റുള്ള വ്യക്തികളുടെ പാന്‍, ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് അവരുടെ പേരില്‍ വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ സൃഷ്ടിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം രജിസ്‌ട്രേഷനുകള്‍ വഴി സര്‍ക്കാരിന് നികുതി നഷ്ടവും ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ വലിയ നികുതി ബാധ്യതകള്‍ ഉണ്ടാകുന്ന സാഹചര്യവുമുണ്ടെന്നും കോടതി പറഞ്ഞു. ഇതിന് പരിഹാരം കാണുന്നതിനായി രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടതുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, ആധാര്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുമ്പോള്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ അറിയിക്കാമെന്നും കോടതി പറഞ്ഞു.

 

തന്റെ ആധാര്‍, പാന്‍ വിവരങ്ങള്‍ ഉപയോഗിച്ച് മറ്റൊരാള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തിയെന്ന് കാണിച്ച് നേഹ എന്ന യുവതി നല്‍കിയ കേസും കോടതി പരിഗണിച്ചതിലുണ്ടായിരുന്നു. വ്യാജ രജിസ്‌ട്രേഷനുകള്‍ തടയുന്നതിനുള്ള ഫലപ്രദമായ സംവിധാനം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

 

രജിസ്‌ട്രേഷന് അപേക്ഷിക്കുന്ന വ്യക്തിയുടെ മുഖം ആധാര്‍ ഡാറ്റാബേസില്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്ന സംവിധാനം നിര്‍ബന്ധമാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വീഡിയോ അടിസ്ഥാനത്തിലുള്ള പരിശോധന, അപേക്ഷയ്ക്കായി ഉപയോഗിച്ച ഐപി വിലാസവും ഉപകരണത്തിന്റെ വിവരങ്ങളും സൂക്ഷിക്കല്‍, ജിഎസ്ടി രജിസ്‌ട്രേഷന് മുമ്പ് വ്യാപാര സ്ഥാപനത്തിലെത്തിയുള്ള പരിശോധന എന്നിവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

 

രാജ്യസഭയില്‍ നേരത്തെ കേന്ദ്ര ധനമന്ത്രാലയം നല്‍കിയ കണക്കുകളും ബെഞ്ച് പരിഗണിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2800 വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ കണ്ടെത്തിയിരുന്നു. ഇതിലൂടെ 15,085 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് കണക്ക്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1654 വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ കണ്ടെത്തി. 13,109 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് കണക്കുകള്‍.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!