ന്യൂഡല്‍ഹി: ലോകപ്രശസ്തമായ ജാവലിന്‍ മീഡിയം റേഞ്ച് വിരുദ്ധ ടാങ്ക് മിസൈല്‍ സിസ്റ്റം അമേരിക്കയില്‍നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇന്ത്യയിലെ യു.എസ്. അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി. ഇ??രാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക കൂട്ടായ്മയ്ക്കും ജാവലിന്റെ സഹനിര്‍മാണത്തിനും വഴിതുറക്കുന്നതാണ് തീരുമാനമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
എത്ര ജാവലിന്‍ മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നതെന്നോ എത്ര തുകയ്ക്കാണ് കരാറെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിഷയത്തില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ്. ആര്‍മി, മറൈന്‍ കോര്‍പ്സ് എന്നിവയ്ക്ക് പുറമെ ലോകത്തിലെ വിവിധ സുരക്ഷാ സേനകളുടെ ഭാഗമാണ് നിലവില്‍ ഈ മിസൈല്‍ സിസ്റ്റം
എന്താണ് ജാവലിന്റെ സവിശേഷത?
വ്യക്തിഗതമായി തോളില്‍വെച്ച് തൊടുക്കാവുന്ന മീഡിയം റേഞ്ച് വിരുദ്ധ ടാങ്ക് മിസൈല്‍ സംവിധാനമാണ് ജാവലിന്‍ (FGM-148). ലോക്ക്ഹീഡ് മാര്ട്ടിന്, ആര്.ടി.എക്സ് (റെയ്ത്തിയോണ്‍) എന്നീ കമ്പനികള്‍ സംയുക്തമായാണ് ഇത് വികസിപ്പിച്ചത്. ‘ഫയര്‍ ആന്റ് ഫോര്‍ഗെറ്റ്’ അഥവാ ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാല്‍ മിസൈല്‍ സ്വയം വഴി കണ്ടെത്തി ടാങ്കുകളെ തകര്‍ക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം.
ശത്രുവിന്റെ ടാങ്കുകളില്‍ ഏറ്റവും കവചം കുറഞ്ഞ മുകള്‍ഭാഗത്തെയാണ് (ക്യാനോപ്പി) ജാവലിന്‍ ആക്രമിക്കുന്നത്. വിക്ഷേപിച്ച ശേഷം കുത്തനെ ഉയര്‍ന്ന് ഇംഗ്ലീഷ് അക്ഷരം ‘U’ തിരിച്ചുപിടിച്ച മാതൃകയില്‍ സഞ്ചരിച്ച് ടാങ്കുകളുടെ മുകള്‍ഭാഗത്തേക്ക് പതിക്കുകയാണ് ഇതിന്റെ രീതി.
വിക്ഷേപിച്ചയുടന്‍ സൈനികര്‍ക്ക് കവര്‍ എടുക്കാനും സുരക്ഷിത സ്ഥാനത്തേക്ക് മാറാനും സാധിക്കും. ‘സോഫ്റ്റ്-ലോഞ്ച്’ സംവിധാനമുള്ളതിനാല്‍ അടച്ചിട്ട കെട്ടിടങ്ങള്‍, ബങ്കറുകള്‍ എന്നിവയ്ക്കുള്ളില്നിന്ന് സുരക്ഷിതമായി വിക്ഷേപിക്കാം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധം സമീപകാലത്തായി അതിവേഗം ശക്തമാകുന്നുണ്ട്. നേരത്തെ അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകള്‍, സി-17, സി-130ജെ വിമാനങ്ങള്‍, പി-8ഐ വിമാനം, എം777 ഹോവിറ്റ്സറുകള്‍ തുടങ്ങിയ അത്യാധുനിക യു.എസ്. പ്ലാറ്റ്ഫോമുകള് ഇന്ത്യ സൈന്യത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. പുതിയ നീക്കം ഇന്ത്യയുടെ കരസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായകരമാകും.
