ഭാര്യാസഹോദരനെ കൊലപ്പെടുത്തി മുങ്ങി;പതിനാറു വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പ്രതി കുടുങ്ങി

കണ്ണൂര്‍: സ്വന്തം ഭാര്യാസഹോദരനെ ക്രൂരമായി കുത്തിക്കൊന്ന കേസില്‍ പതിനാറു വര്‍ഷമായി നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ കൊടുംകുറ്റവാളി ഒടുവില്‍ പോലീസിന്റെ വലയില്‍. പറശ്ശിനിക്കടവ് മാങ്കടവിലെ ജലാലിനെ കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന വാഴയില്‍ മുഹമ്മദ് അലിയെയാണ് (55) കണ്ണൂര്‍ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കാസര്‍കോട് ഉപ്പളയില്‍നിന്ന് പൂട്ടിയത്. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. കെ. കാര്‍ത്തികിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ ഗ്രിപ്പ്’ എന്ന പ്രത്യേക പദ്ധതിയിലൂടെയാണ് ഈ ഒളിച്ചോട്ടത്തിന് വിരാമമായത്.

 

കൊടുംക്രൂരത അരങ്ങേറിയത് 2010 സെപ്റ്റംബര്‍ 17-നായിരുന്നു. സ്വത്തുതര്‍ക്കത്തിന്റെ പകയാണ് പിന്നീട് ചോരപ്പുഴയായി മാറിയത്. ഭാര്യാസഹോദരങ്ങളായ ജലാലിനെയും ഷംസീറിനെയും മുഹമ്മദ് അലി അതിക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജലാല്‍ ആശുപത്രിയില്‍ വെച്ച് ദാരുണമായി അന്ത്യശ്വാസം വലിച്ചു. ഒപ്പം ആക്രമിക്കപ്പെട്ട ഷംസീര്‍ തലനാരിഴയ്ക്കാണ് ജീവനോടെ രക്ഷപ്പെട്ടത്. ഈ കേസില്‍ തുടക്കത്തില്‍ അറസ്റ്റിലായെങ്കിലും, ജാമ്യം കിട്ടിയ ആനുകൂല്യത്തില്‍ മുങ്ങിയ പ്രതി പിന്നീട് പോലീസിനെ കബളിപ്പിച്ച് കാടു കയറുകയായിരുന്നു. വര്‍ഷങ്ങളായി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ തേടി കേരളാ പോലീസ് നടത്തിയ വേട്ടയാണ് ഒടുവില്‍ വിജയം കണ്ടത്.

 

പതിനാറു വര്‍ഷം നീണ്ട ഒളിവുകാല ജീവിതം സിനിമാക്കഥകളെ വെല്ലുന്നതായിരുന്നു. കേരളത്തിലും കര്‍ണാടകയിലുമായി വിവിധ രഹസ്യ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍, പോലീസിന്റെ കണ്ണുവെട്ടിക്കാനായി വഴിയോര കച്ചവടക്കാരനായും പാചകത്തൊഴിലാളിയായുമൊക്കെയാണ് വേഷം മാറി ജീവിച്ചിരുന്നത്. വീട്ടുകാരുമായോ പഴയ സുഹൃത്തുക്കളുമായോ യാതൊരുവിധ ബന്ധവും പുലര്‍ത്താതെ പൂര്‍ണ്ണമായും അജ്ഞാതനായി കഴിയുകയായിരുന്നു തന്ത്രശാലിയായ ഈ പ്രതി. ഇതിനിടയിലാണ് ആരെയും ഞെട്ടിച്ചുകൊണ്ട് ഉപ്പളയില്‍ വെച്ച് ഇയാള്‍ രണ്ടാമതൊരു വിവാഹം കൂടി കഴിച്ച് പുതിയ കുടുംബവുമായി സുഖജീവിതം നയിച്ചുപോന്നത്.

 

എന്നാല്‍, ഇയാളെ വെറുതെ വിടാന്‍ പോലീസ് സേന തയ്യാറായിരുന്നില്ല. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ബി.വി. വിജയ് ഭരത് റെഡ്ഡിയുടെ ശക്തമായ നിര്‍ദ്ദേശത്തെ തുടര്‍ന്നുണ്ടായ രഹസ്യ നീക്കങ്ങളാണ് നിര്‍ണ്ണായകമായത്. നാര്‍ക്കോട്ടിക് സെല്‍ എ.സി.പി. വി.വി. മനോജ്, കണ്ണൂര്‍ എ.സി.പി. ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് നാട്ടില്‍ നടത്തിയ രഹസ്യ അന്വേഷണമാണ് പ്രതി കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി മേഖലയിലുണ്ടെന്ന നിര്‍ണായക വിവരം പുറത്തുകൊണ്ടുവന്നത്.

 

ഡി.ഐ.ജി. കെ. കാര്‍ത്തികിന്റെ ശക്തമായ ആസൂത്രണത്തില്‍ രൂപംകൊണ്ട ‘ഓപ്പറേഷന്‍ ഗ്രിപ്പ്’ പദ്ധതിയുടെ വിജയകിരീടമായി ഈ അറസ്റ്റ് മാറി. എസ്.ഐ.മാരായ വിനോദ്, ഷാജി, എ.എസ്.ഐ.മാരായ രാജീവന്‍, സ്നേഹേഷ്, സജിത്ത്, ലെവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നാസര്‍, അനൂപ്, ഷംസീര്‍ അഹമ്മദ് എന്നിവരടങ്ങുന്ന മിടുക്കരായ ഉദ്യോഗസ്ഥരാണ് കാസര്‍കോട് ഉപ്പളയിലെ ഒളിത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി പ്രതിയെ വളഞ്ഞുപിടിച്ചത്. വര്‍ഷങ്ങളായി നിയമത്തിന് പിടികൊടുക്കാതെ കളിപ്പിച്ച കൊലയാളിയെ ഒടുവില്‍ പോലീസ് ചങ്ങണിയിലാക്കിയതോടെ പതിനാറു വര്‍ഷം പഴക്കമുള്ള കേസിന് തുമ്പായിരിക്കുകയാണ്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!