സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴ കനക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇവിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, 16 ന്ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. ഇന്ന് ഗുജറാത്ത് തീരം, അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാഗ്രത നിർദേശവും വകുപ്പ് പുറപ്പെടുവിച്ചു.
നാളെ തെക്കൻ ബംഗാൾ ഉൾക്കടലിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കൂടാതെ 16 ന് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി
