ന്യൂഡല്‍ഹി: 2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കരുതെന്ന് വിജ്ഞാപനമിറക്കി കേന്ദ്ര ധന മന്ത്രാലയം. പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007-ലെ സെക്ഷന്‍ 10 എ പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
റൂപേ, ഡെബിറ്റ് കാര്‍ഡുകള്‍, 2000 വരെയുള്ള യുപിഐ ഇടപാടുകള്‍ എന്നിവയെ ഇലക്ട്രോണിക് മോഡ്സ് ഓഫ് പേയ്മെന്റ് ആയി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതുവഴി പണം അയക്കുന്ന വ്യക്തികളില്‍ നിന്നോ സ്വീകരിക്കുന്നവരില്‍ നിന്നോ നേരിട്ടോ അല്ലാതെയോ യാതൊരു വിധ ചാര്‍ജും ബാങ്കുകള്‍ ഈടാക്കരുതെന്നാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപഭോക്താക്കള്‍ക്കുള്ള യുപിഐ സേവനം സൗജന്യമായി തുടരുമെന്ന് ഉറപ്പാക്കുന്നതാണ് പുതിയ വിജ്ഞാപനം. കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസാക്കിയ ടാക്സേഷന്‍ ആന്‍ഡ് അദര്‍ ലോസ് അമെന്‍ഡ്മെന്റ് ബില്‍ വഴി യുപിഐ ഇടപാടുകള്‍ക്ക് നിരക്കേര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതേസമയം 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ചാര്‍ജ് ഈടാക്കുമോയെന്നതില്‍ വ്യക്തതയില്ല. ആഗസ്റ്റിലായിരുന്നു പണമിടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്നും ചാര്‍ജ് ഈടാക്കുന്ന മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് കൊണ്ടുവന്നത്.
എംഡിആര്‍ നടപ്പായാല്‍ അതിന്റെ ഒരു പങ്ക് ഇടപാടില്‍ ഉള്‍പ്പെട്ട ബാങ്കുകള്‍ക്കും പേയ്മെന്റ് സേവനദാതാവിനും ലഭിക്കും. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നോ വ്യക്തികള്‍ തമ്മില്‍ നടത്തുന്ന പണമിടപാടിനോ ചാര്‍ജ് ഈടാക്കില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
