ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

കണ്ണൂര്‍ :ആശുപത്രികളിലും മറ്റ് ചികിത്സാ സ്ഥാപനങ്ങളിലും ചികിത്സാനിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര നിര്‍ദേശം. ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ചികിത്സാനിരക്കുകളും ലഭ്യമായ സൗകര്യങ്ങളും വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ചികിത്സാരംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനും രോഗീസൗഹൃദ സേവനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി.

 

നിലവിലെ നിയന്ത്രണവ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ചികിത്സാനിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വ്യക്തമായി കാണാവുന്നതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ രീതിയില്‍ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുന്നത്, പ്രതീക്ഷിക്കുന്ന ചികിത്സാ ചെലവ് മുന്‍കൂട്ടി മനസ്സിലാക്കാനും അനുയോജ്യമായ തീരുമാനങ്ങളെടുക്കാനും ചെലവുകള്‍ ആസൂത്രണം ചെയ്യാനും രോഗിക്കും അവരുടെ കുടുംബത്തിനും സഹായകമാകുമെന്ന് കത്തില്‍ വ്യക്തമാക്കി.

 

സുതാര്യത ഉറപ്പാക്കുന്നത് ബില്ലിംഗുമായി ബന്ധപ്പെട്ട അനാവശ്യ ആശയക്കുഴപ്പങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാനും ആരോഗ്യ പരിപാലന സംവിധാനത്തിലെ വിശ്വാസ്യത വര്‍ധിപ്പിക്കാനും വഴിയൊരുക്കും. ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണ വ്യവസ്ഥകള്‍ നല്‍കുന്ന ‘ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് (രജിസ്ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) നിയമം – 2010’, ‘ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് (സെന്‍ട്രല്‍ ഗവണ്‍മെന്റ്) റൂള്‍സ് 2012’ എന്നിവ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ നിയമം ബാധകമായ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും ഇവ പ്രദര്‍ശിപ്പിക്കണമെന്ന് ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യുന്നു. ഈ നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അതത് പ്രാദേശിക നിയമ വ്യവസ്ഥകള്‍ക്ക് കീഴിലാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പലതിലും ചികിത്സാനിരക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നുണ്ട്.

 

ആരോഗ്യം സംസ്ഥാന വിഷയമാണെന്നതും നിലവിലെ ചട്ടങ്ങള്‍ നടപ്പാക്കാനും കര്‍ശനമാക്കാനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അധികാരമുണ്ടെന്നതും കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികള്‍ വഴി നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിമാരോട് ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.

 

വിദേശ രോഗികളുടെ ചികിത്സാനിരക്കുകളിലെ സുതാര്യതക്കും കത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. മെഡിക്കല്‍ അല്ലെങ്കില്‍ ആയുഷ് വിസകളില്‍ ഇന്ത്യയിലെത്തുന്ന വിദേശ രോഗികള്‍ക്ക് നല്‍കുന്ന പാക്കേജ് നിരക്കുകള്‍ അനുയോജ്യമായ രീതിയില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യാന്തര രോഗികളെ ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന ഈ നടപടി ബില്ലിംഗ് സംബന്ധിച്ച പരാതികള്‍ കുറയ്ക്കും. ഒപ്പം മെഡിക്കല്‍, ആയുഷ് ചികിത്സാരംഗത്ത് വിശ്വസനീയ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും. വിഷയത്തില്‍ ചീഫ് സെക്രട്ടറിമാരുടെ വ്യക്തിപരമായ ശ്രദ്ധ വേണമെന്നും നിര്‍ദേശമുണ്ട്. ഇതുസംബന്ധമായി ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!