ജർമനിയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില് രണ്ടു മലയാളികള് ഉള്പ്പെടെ മൂന്ന് മലയാളികള് കൊല്ലപ്പെട്ടു. ഇടുക്കി കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), കൊല്ലം പെരിനാട് ചെമ്മക്കാട് അശ്വനി നിവാസില് ഡി. ജോയിയുടെയും ഷീലയുടെയും മകള് അഞ്ജലി എസ്. ജോയ് (27), കാലടി സ്വദേശി സ്വിൻ ജോണി (26) എന്നിവരാണ് മരിച്ചത്. അഞ്ചുപേർ പുക ശ്വസിച്ച് അവശനിലയില് ആശുപത്രിയിലാണ്.
കെട്ടിടത്തിന് തീവച്ചതാണെന്ന സംശയത്തില് ഒരു റൊമാനിയൻ പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറുമാസം മുൻപാണ് നോവ ജർമനിയിലെത്തിയത്. ബി.എഡ് ബിരുദധാരിയായ അഞ്ജലി ഈ വർഷം ജൂലൈയിലാണ് ജോലിക്കായി ജർമനിയിലേക്ക് പോയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിലായിരുന്നു ജോലി. അശ്വനി എസ്. ജോയ് സഹോദരിയാണ്.
ജർമനിയിലെ ബോഹും നഗരത്തിലെ പാർപ്പിട മേഖലയിലെ ഫ്ലാറ്റില് ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.15-നാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. കനത്ത തീയും പുകയും മൂലം മുകളിലത്തെ നിലകളിലേക്ക് കയറാൻ ബുദ്ധിമുട്ടിയതായും തീ നിയന്ത്രണവിധേയമാക്കാൻ സമയമെടുത്തതായും അഗ്നിരക്ഷാസേന അറിയിച്ചു. മുകളിലത്തെ ഫ്ലാറ്റില് നിന്നാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. പുക ശ്വസിച്ച് അവശരായ അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.
അതേ കെട്ടിടത്തില് താമസിച്ചിരുന്ന 41-കാരനായ റൊമാനിയൻ പൗരനാണ് അറസ്റ്റിലായത്. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും ഇത് ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
