റിയാദ്: യെമനിലെ ഹൂതികള്ക്കെതിരെ സൗദി അറേബ്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ സൈനിക നീക്കത്തില് പങ്കുചേരാന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു അനുമതി തേടിയതായി റിപ്പോര്ട്ട്. സൗദിയുടെ ഭാഗത്തുനിന്ന് അനുമതി ലഭിച്ചാല് ഹൂതികള്ക്കെതിരായ ആക്രമണങ്ങളില് ഇസ്രയേല് സൈന്യവും പങ്കെടുക്കുന്നതിന് നെതന്യാഹു താല്പര്യമറിയിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിലൂടെയാണ് ഈ നീക്കത്തിന് ശ്രമം നടക്കുന്നത്.
ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് നെതന്യാഹു ലക്ഷ്യമിടുന്നത്. എന്നാല്, ഇസ്രയേലുമായി കൂടുതല് സൈനിക സഹകരണം അനുവദിക്കുന്നതില് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന് സല്മാന് വിമുഖത പ്രകടിപ്പിക്കുന്നതായാണ് റിപ്പോര്ട്ടുകള്. ഇസ്രയേലുമായുള്ള സഹകരണം സൗദി പൗരന്മാര്ക്കിടയില് എങ്ങനെ പ്രതികരിക്കപ്പെടുമെന്നതാണ് ആശങ്ക.
ഹൂതികള്ക്കെതിരായ നിലവിലെ സൈനിക നീക്കത്തില് പങ്കുചേരുക മാത്രമല്ല ഇസ്രയേലിന്റെ ലക്ഷ്യമെന്നും റിപ്പോര്ട്ടില് പറയുന്നു. പൊതുശത്രുവിനെതിരായ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്നും നയതന്ത്രതലത്തില് മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും ഇസ്രയേല് പ്രതീക്ഷിക്കുന്നു. നേരത്തെ, ഹൂതികളുടെ ആക്രമണങ്ങളില്നിന്ന് സൗദിയെ പ്രതിരോധിക്കാന് രഹസ്യാന്വേഷണ വിവരങ്ങള് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും അമേരിക്കന് മധ്യസ്ഥതയില് ചര്ച്ചകള് നടത്തിയതായി ജെറുസലേം പോസ്റ്റ് റിപ്പോര്ട്ട് ചെയ്തിരുന്നു. അതേസമയം, ഗാസയിലും വെസ്റ്റ് ബാങ്കിലും മറ്റ് മേഖലകളിലും ഇസ്രയേല് സൈന്യത്തിന്റെ സൈനിക നടപടികള് തുടരുകയാണ്.
