മൂവാറ്റുപുഴ: ഗൂഗിൾ പേ വഴി പണം അയച്ചതായി വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് പണം തട്ടിയെടുത്ത കേസിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരക്കാട് പള്ളിപ്പടി ഭാഗത്ത് കോന്നംകുടി വീട്ടിൽ ആസിഫ് കെ. ഹസൻ (28) ആണ് പിടിയിലായത്. മൂവാറ്റുപുഴ എസ്.എച്ച്.ഒ. സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നടപടി സ്വീകരിച്ചത്.
മൂവാറ്റുപുഴയിലെ എ.ടി.എമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ഒരാളിൽനിന്ന് 10,000 രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് പണം കൈമാറാൻ ആവശ്യപ്പെടുകയും, പകരമായി ഗൂഗിൾ പേ വഴി തുക അയച്ചതായി വിശ്വസിപ്പിക്കുന്ന വ്യാജ സ്ക്രീൻഷോട്ട് കാണിക്കുകയുമായിരുന്നു തട്ടിപ്പിന്റെ രീതി.
ഈ മാസം 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമാനമായ തട്ടിപ്പുകേസിൽ മുമ്പും റിമാൻഡിലായിട്ടുള്ള പ്രതി, ഇതേ രീതിയിൽ മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
എസ്.ഐമാരായ ആർ.ബി. റോഷ്നി, സി.ബി. അനിൽകുമാർ എന്നിവരടക്കം പോലീസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
