ഹൂതി ആക്രമണ തുടരുന്ന സാഹചര്യത്തില് സൗദിയിലുള്ള ഇന്ത്യാക്കാർക്ക് മുന്നറിയിപ്പുമായി റിയാദിലെ ഇന്ത്യൻ എംബസി. പ്രവാസി ഇന്ത്യാക്കാർ കെട്ടിടങ്ങളുടെ ചില്ലുകള്ക്കും ജനലുകള്ക്കും സമീപവും, വീടുകളുടെ ടെറസിലും ബാല്ക്കണിയിലും നില്ക്കരുതെന്നാണ് കർശന നിർദ്ദേശം. അപായസൂചന ലഭിച്ചാല് അത് പിൻവലിക്കുന്നത് വരെ ആളുകള് വീടുകളില് നിന്നും കെട്ടിടങ്ങളില് നിന്നും പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.
വീടിനകത്തോ കെട്ടിടത്തിനകത്തോ ജനനുകളില്ലാത്ത മുറികളുണ്ടെങ്കില് ഇതിലേക്ക് മാറണമെന്നും എംബസി അറിയിച്ചു. തുറസായ സ്ഥലങ്ങളില് ഉള്ളവർ തൊട്ടടുത്ത കെട്ടിടങ്ങളിലോ സുരക്ഷിതമായ ഇടത്തേക്കോ മാറണം. വ്യോമാക്രമണമോ മറ്റോ നടക്കുമ്പോള് അതിൻ്റെ ഫോട്ടോയെടുക്കാനും വീഡിയോ പകർത്താനും ശ്രമിക്കരുതെന്ന് ആവശ്യപ്പെട്ട എംബസി ആളുകള് കൂടി നില്ക്കുന്ന ഇടത്ത് നില്ക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും അറിയിച്ചു.
വാഹനമോടിക്കുന്നതിനിടയില് അപായ മുന്നറിയിപ്പ് ലഭിച്ചാല് പാലങ്ങള്ക്കും ഉയരമുള്ള കെട്ടിടങ്ങള്ക്കും അടുത്തുനിന്ന് മാറി റോഡരികില് വാഹനം ഒതുക്കണം. മക്കാ, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളില് നിന്ന് 911 എന്ന നമ്പറിലും, മറ്റിടങ്ങളില് നിന്ന് 998 എന്ന നമ്പറിലും അടിയന്തിര സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്. ഹൂതി വിമതർ മിസൈല്, ഡ്രോണ് ആക്രമണം തുടരുന്നതിനാലാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
