കോഴിക്കോട് നഗരത്തിലെ സ്പാകളിൽ വ്യാപക മിന്നൽ പരിശോധന; 20 മസാജ് സെന്ററുകൾ പൂട്ടിച്ച് പോലീസ്, 4 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ പ്രവർത്തിക്കുന്ന സ്പാകളിലും മസാജ് സെന്ററുകളിലും അനാശാസ്യം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നെന്ന പരാതികളെത്തുടർന്ന് സിറ്റി പോലീസിന്റെ വ്യാപക മിന്നൽ പരിശോധന . എഴുപതോളം കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡിൽ മതിയായ രേഖകളും ലൈസൻസുകളുമില്ലാതെ പ്രവർത്തിച്ച 20 മസാജ് സെന്ററുകൾ പോലീസ് നേരിട്ടെത്തി അടപ്പിച്ചു. ആറ് സ്ഥാപനങ്ങൾക്ക് പ്രവർത്തനം നിർത്തിവെക്കാൻ അടിയന്തര നോട്ടീസ് നൽകി.

 

പരിശോധനയുടെ ഭാഗമായി എലത്തൂർ, കസബ, ടൗൺ, നടക്കാവ് എന്നീ പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ഥാപനങ്ങൾക്ക് ആവശ്യമായ തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസുകൾ, ആരോഗ്യവകുപ്പിന്റെ അനുമതികൾ, ചികിത്സാ മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായിരുന്നു പ്രത്യേക പരിശോധന.

 

ലൈസൻസുകളുടെയോ സ്ഥാപനങ്ങളുടെയോ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ ഐ.പി.എസ് അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ മതിയായ രേഖകളോ സർട്ടിഫിക്കറ്റുകളോ ഇല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കെതിരെയും, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി എത്തുന്ന സന്ദർശകർക്കെതിരെയും കർശനമായ നിയമനടപടികൾ ഉണ്ടാകും. അനാശാസ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും പോലീസ് വ്യക്തമാക്കി


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!