ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി 

മാനന്തവാടി : ഉത്തര മലബാറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ  ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള നൃത്ത-സംഗീത പരിപാടികൾക്ക് തുടക്കമായി . ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി കലാപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ  19, 20 തീയതികളിലായി പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വൈവിധ്യമാർന്ന നൃത്ത-സംഗീതാർച്ചനകളാണ് ക്ഷേത്രസന്നിധിയിൽ അരങ്ങേറുന്നത്.

 

നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി ദിനത്തിൽ ആയുധപൂജയും വാഹനപൂജയും നടക്കും. ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി നാളിൽ കുരുന്നുകളെ അക്ഷരലോകത്തേക്ക് ആനയിക്കുന്ന വിദ്യാരംഭ ചടങ്ങുകൾ, പ്രത്യേക വാഹനപൂജ, ഉച്ചയ്ക്ക് മഹാ അന്നദാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഉത്സവ ദിനങ്ങളിൽ ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ ദിവസേന രാവിലെ ഭക്തിനിർഭരമായ ശ്രീ ലളിതാ സഹസ്രനാമാർച്ചനയും നടന്നു വരുന്നുണ്ട്.

 

കൂടാതെ, വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ ഐതിഹ്യപ്രസിദ്ധമായ ‘പുത്തരി ഉത്സവം’ ഒക്ടോബർ 28 ബുധനാഴ്ച വിപുലമായ ആചാര ചടങ്ങുകളോടെ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു  നവരാത്രി ആഘോഷങ്ങളിലും പൂജകളിലും പങ്കുചേരാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര ജില്ലകളിൽ നിന്നും വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിലേക്ക് അനുഭവപ്പെടുന്നത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!