തൃശ്ശൂർ : സംസ്ഥാനത്ത് ആയുർവേദ–ബ്യൂട്ടി പാർലറുകളുടെയും സ്പാകളുടെയും മറവിൽ ലൈംഗിക ചൂഷണങ്ങളും അനാശാസ്യ പ്രവർത്തനങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി സർക്കാർ . ഇതിന്റെ ഭാഗമായി ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി ശക്തമായ പോലീസ് പരിശോധന നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കുന്നതിനൊപ്പം ഇവ കേന്ദ്രീകരിച്ച് നടക്കുന്ന മനുഷ്യക്കടത്തും ചൂഷണങ്ങളും തടയുകയാണ് പരിശോധനയുടെ ലക്ഷ്യം.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ കേവലം ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ മാത്രം മറപിടിച്ചാണ് സംസ്ഥാനത്തുടനീളം ഇത്തരം കേന്ദ്രങ്ങൾ കൂണുപോലെ മുളച്ചുപൊന്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ആരാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതെന്നോ അവിടെ എന്താണ് നടക്കുന്നതെന്നോ കൃത്യമായ വിവരങ്ങളില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കമുള്ള പെൺകുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് ഇത്തരം കേന്ദ്രങ്ങളിൽ ചൂഷണം ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ കേന്ദ്രങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കും. സ്പാകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി കർശന വ്യവസ്ഥകളോടെ പുതിയ നിയമനിർമ്മാണം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിൽ നിരവധി കേന്ദ്രങ്ങൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ വയനാട് ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകളിലും നഗരങ്ങളിലും റെയ്ഡുകൾ കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
