കോവളം സ്പാ പീഡനക്കേസില്‍ അറസ്റ്റിലായ കോർപറേഷൻ ഹെല്‍ത്ത് ഇൻസ്പെക്ടർ അനുരൂപിന് കൂടുതല്‍ സ്പാകളുമായി ബന്ധം. പല സ്പാകളുടെയും നടത്തിപ്പില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തല്‍. സ്പാകളിലേക്ക് പുറത്തു നിന്ന് സ്ത്രീകളെ കൊണ്ട് വരുന്നതിലും ഇയാള്‍ക്ക് സുപ്രധാന പങ്കുണ്ട്.
ഹെല്‍ത്ത് ഇൻസ്പെക്ടർ എന്ന ജോലി വഴി ലഭിച്ച ബന്ധങ്ങള്‍ വഴിയാണ് സ്പാ ബിസിനസ്സില്‍ ഇറങ്ങിയത്. അനുരൂപിനെ പിരിച്ചുവിടാനാണ് കോര്പറേഷന് നീക്കം. കഴിഞ്ഞദിവസമാണ് ഇയാള്‍ അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ അനുരൂപിനെ തിരുവനന്തപുരം മേയര്‍ വിവി രാജേഷ് സസ്പെന്‍ഡ് ചെയ്തു. പീഡനം നടന്ന സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് കണ്ടെത്തിയിരുന്നു.
ഡ്രീം സ്പാ എന്ന കോവളത്തെ സ്ഥാപനം തുടങ്ങാൻ നിഷാന്തിനെ പ്രേരിപ്പിച്ചത് അനുരൂപാണ്. അനുരൂപിൻ്റെ നാല് ബാങ്ക് അകൗണ്ടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി വലിയ തോതില്‍ പണം എത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണവിധേയമാക്കും. സ്പായില്‍ എത്തി യുവതികളെ പീഡിപ്പിച്ചവരിലേക്കും അന്വേഷണം നീളുകയാണ്. ഇടപാടുകാരുടെ വിവരങ്ങള്‍ സൈബർ സംഘത്തിനു കൈമാറിയിട്ടുണ്ട്.
സ്പായില്‍ നടന്ന ജി പേ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ അന്വേഷണസംഘത്തിന് കൈമാറി. 14 ദിവസത്തെ സി സി ടി വി ദൃശ്യങ്ങളാണ് ഉള്ളത്. ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. പെണ്‍കുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തും. കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ മനുഷ്യക്കടത്തിനും കേസ് എടുക്കും.
