മീനങ്ങാടി :കാർ തടഞ്ഞു നിർത്തി കാർ യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണവും വാഹനവും തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന കണ്ണൂർ സ്വദേശികളായ മണത്തണ, മേലേ മുരിങ്ങോളി, പുതുപറമ്പിൽ വീട്ടിൽ പി. പ്രണവ്(24), മുഴക്കുന്ന്, ഉറക്കുണ്ട് പറമ്പിൽ വീട്ടിൽ, കെ. കനകരാജ്(28) എന്നിവരെയാണ് പേരാവൂർ, എടത്തൊട്ടിയിൽ വെച്ച് ബുധനാഴ്ച മീനങ്ങാടി സി.ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കനകരാജ് മുഴക്കുന്ന്, കൂത്തുപറമ്പ്, കരിപ്പൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി അഞ്ചോളം കേസുകളിൽ പ്രതിയാണ്. പ്രണവിന് പേരാവൂർ പോലീസ് സ്റ്റേഷനിൽ കേസുണ്ട്. കേസിൽ കണ്ണൂർ സ്വദേശികളായ പെരിങ്ങളം, അനിയാരം, മുത്തേടത്ത് താഴേകുനിയിൽ എം. രഞ്ജു (32), മട്ടന്നൂർ, സൗരവ് നിവാസ്, സൗരവ് സുനിൽ(26) എന്നിവരെ സംഭവ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണ്. രഞ്ജുവിന് ബത്തേരി, ചൊക്ലി സ്റ്റേഷനുകളിലായി 13-ഓളം കേസുകളും, സൗരവിന് പയ്യന്നൂർ, വാടാനപ്പള്ളി സ്റ്റേഷനുകളിലും കേസുകളുണ്ട്.
30.09.2026 തിയ്യതി വൈകീട്ടോടെ മീനങ്ങാടി എഫ് സി ഐ ഗോഡൗണിനു സമീപം വെച്ചാണ് സംഭവം. കൊടുവള്ളി സ്വദേശി കർണാടകയിലെ ബേഗൂരിൽ നിന്ന് വരുമ്പോഴാണ് പത്തോളം പേർ രണ്ട് കാറുകളിലായി വന്ന് ഇന്നോവ വാഹനം ബ്ലോക്കിട്ട് നിർത്തിച്ചത്. മാരകായുധങ്ങൾ ഉപയോഗിച്ച് വാഹനത്തിന്റെ സൈഡ് ഗ്ലാസുകൾ അടിച്ച് പൊട്ടിക്കുകയും, യുവാവിന്റെ മുഖത്ത് എരിവുള്ള സ്‌പ്രേ അടിച്ച് കാറിൽ നിന്നും ബലം പ്രയോഗിച്ച് പുറത്തിറക്കി കാറും, കാറിലുണ്ടായിരുന്ന 21000 രൂപയും തട്ടിയെടുക്കുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി എം.എം അബ്ദുൾകരീമിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ (SAGOC)സംഘമാണ് ഇവരെ പിടിയകൂടിയത്.
