കൽപ്പറ്റ: അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസിൽ സാമ്പത്തിക ഇടപാടുകളും സംഘടിത സംഘത്തിന്റെ പ്രവർത്തനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് വയനാട് ജില്ലാ പോലീസ്. മുഖ്യകണ്ണികളിലൊരാളെന്ന് പോലീസ് പറയുന്ന മേപ്പാടി സ്വദേശി അമൽ സി.ആർ. (26) കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കേസിൽ കൂടുതൽ പേർ ചേർന്ന് സംഘടിതമായി തുടർച്ചയായ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചതായി പോലീസ് അറിയിച്ചു.
രാസലഹരിക്കടത്തിലൂടെ സാമ്പത്തിക നേട്ടം കൈവരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് കടത്തിനായി പണം നിക്ഷേപിച്ചവർ, മയക്കുമരുന്ന് കടത്തിയവർ, സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തവർ എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകളും ഇലക്ട്രോണിക് സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും ശേഖരിച്ച് ശാസ്ത്രീയമായ അന്വേഷണം തുടരുകയാണ്. രാസലഹരിക്കടത്തിന്റെ ശൃംഖലയും അതിന് പിന്നിലുള്ള സാമ്പത്തിക ഇടപാടുകളും കണ്ടെത്തി കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള നടപടികളിലാണ് അന്വേഷണസംഘം.
മേപ്പാടി നത്തംകുനി ചുണ്ടേൽതൊടി വീട്ടിൽ അമലിനെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തെങ്ങണയിൽ വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്.യുടെ മേൽനോട്ടത്തിൽ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. മനോഹരൻ തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡാണ് പ്രതിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചത്. കസ്റ്റഡിയിലെടുത്ത് അമ്പലവയൽ പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജൂലെെ 26-ന് അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിലെ തോമാട്ടുചാൽ അംശം കോട്ടൂരിൽനിന്ന് 124.39 ഗ്രാം എം.ഡി.എം.എ.യുമായി കൽപ്പറ്റ മുണ്ടേരി താന്നിക്കൽ വീട്ടിൽ വേണുഗോപാലിനെ (35) അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്പലവയൽ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 587/26 ആയി എൻ.ഡി.പി.എസ്. ആക്ടിലെ 22(c), 29 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനിടെയാണ് അമൽ സി.ആർ. അന്തർസംസ്ഥാന രാസലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയത്.
ഒക്ടോബർ 12-ന് കേസിലെ രണ്ടും മൂന്നും പ്രതികളായ സുൽത്താൻ ബത്തേരി പള്ളിക്കണ്ടി നടുവിൽപീടികയിൽ വീട്ടിൽ ജാസിം അലി (35), മുപ്പൈനാട് റിപ്പൺ പുല്ലാട്ട് വീട്ടിൽ മുഹമ്മദ് ജെയ്സൽ (26) എന്നിവരെ അറസ്റ്റ് ചെയ്തു. തുടർന്ന് 14.10.2026-ന് തോമാട്ടുചാൽ നരിക്കുണ്ട് കല്ലിയത്ത് വീട്ടിൽ കെ.എസ്. സൂര്യനാരായണനെയും (25) അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വാങ്ങുന്നതിനാവശ്യമായ സാമ്പത്തികസ്രോതസ്സ് ഒരുക്കിയത് ഇയാളാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിലെ അഞ്ചാം പ്രതിയാണ് നിലവിൽ അറസ്റ്റിലായ അമൽ സി.ആർ. പ്രതിയെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുടർന്ന് മാനന്തവാടി ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്.
