ന്യൂയോർക്ക്:ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ അനുകൂലമായി നീങ്ങുന്നുണ്ടെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഖത്തര്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രതികരണം. ആക്രമണങ്ങള്‍ വീണ്ടും ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണെന്നും, സംഘര്‍ഷം ഫലത്തില്‍ അവസാനിച്ചുവെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാനെതിരെ യു എസും ഇസ്രായേലും നടത്തുന്ന യുദ്ധം നയതന്ത്ര ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ വീണ്ടും ഉയര്‍ന്നതോടെ, എണ്ണ വിലയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.
ഇത് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ കുറയ്ക്കുകയും, വാള്‍സ്ട്രീറ്റില്‍ ഓഹരി വിപണിയില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുകയും ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍ താനി വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് ട്രംപിനെയും യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനെയും കണ്ടിരുന്നു. ഒരു കരാറിലെത്തുന്നതിനും മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിനുമുള്ള അനുകൂലമായ ചര്‍ച്ചകള്‍ നടന്നതായി അദ്ദേഹം അറിയിച്ചു. അതേസമയം ഇറാന് മുന്നോട്ടുവെച്ച ഏഴ് നിബന്ധനകള്‍ക്ക് മുന്നില്‍ യു എസ് കീഴടങ്ങണമെന്ന് ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്സെന്‍ റെസായി ആവശ്യപ്പെട്ടു. സാങ്കല്‍പ്പിക ചര്‍ച്ചകളെക്കുറിച്ച് യു എസ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇറാനുമായുള്ള യുദ്ധം വളരെ വേഗത്തില്‍ അവസാനിച്ചേക്കാമെന്നാണ് യുഎസ് പ്രസിഡന്റ് പറഞ്ഞത്. അതേസമയം, ആവശ്യമെങ്കില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഈ സംഘര്‍ഷം അവസാനിക്കുന്നതിലേക്കുള്ള ഒരു മുന്നേറ്റം നാം കാണുന്നുണ്ട്. ഇത് വളരെ വേഗത്തില്‍ അവസാനിക്കുമെന്ന് തനിക്ക് തോന്നുന്നു. ഇറാന് തങ്ങളുമായി സംസാരിക്കുന്നുണ്ടെന്നും വളരെ മാന്യമായ രീതിയിലാണ് അവര്‍ സംസാരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
