കൽപ്പറ്റ: സംസ്ഥാന വ്യാപകമായി നടത്തിയ ‘സൈ-ഹണ്ട്’ (Cy-Hunt) ഓപ്പറേഷന്റെ ഭാഗമായി വയനാട് ജില്ലയിൽ നടത്തിയ വ്യാപകമായ പരിശോധനയിൽ 27 കേസുകൾ രജിസ്റ്റർ ചെയ്തു . സാമ്പത്തിക കുറ്റകൃത്യങ്ങളും ഓൺലൈൻ തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 38 വ്യത്യസ്ത കേന്ദ്രങ്ങളിലാണ് പോലീസ് ഒരേസമയം പരിശോധന നടത്തിയത്. ഈ പരിശോധനയിൽ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള 21 പേരെ കണ്ടെത്തുകയും ഇവർക്ക് പോലീസ് നോട്ടീസ് നൽകുകയും ചെയ്തു.
ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള മ്യൂൾ അക്കൗണ്ടുകൾ , ചെക്കുകൾ, എ.ടി.എം. കാർഡുകൾ തുടങ്ങിയവ ദുരുപയോഗം ചെയ്ത് വിവിധ തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ സജീവമായി ഏർപ്പെടുന്നവർക്കെതിരെയാണ് കേരള പോലീസ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
കേരള സൈബർ ഡിവിഷൻൻ്റെ നേതൃത്വത്തിൽ സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നവരെക്കുറിച്ച് നിരന്തരമായ നിരീക്ഷണം നടത്തിവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സൈബർ ഹണ്ട് ഓപ്പറേഷൻ വിജയകരമായി നടപ്പിലാക്കിയത്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് ഈ പരിശോധനകൾ പൂർത്തിയാക്കിയത്. സമാന രീതിയിലുള്ള ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച്, സൈബർ കുറ്റകൃത്യങ്ങളിൽ നേരിട്ട് ബന്ധമുള്ള മറ്റ് പ്രതികളെയും ഉടൻ കണ്ടെത്തി കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു
