സുൽത്താൻ ബത്തേരി: ബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കേരള പോലീസ് ടീം അംഗവുമായിരുന്ന റിട്ട. ഡി.വൈ.എസ്.പി കെ.ടി. ചാക്കോ നിർവഹിച്ചു. ശാസ്ത്രീയമായ രീതിയിൽ, അംഗീകൃത കോച്ചുമാരുടെ കീഴിൽ മികച്ച പരിശീലനം നൽകി വിദ്യാർത്ഥികളെ ഫുട്ബോൾ പ്രതിഭകളാക്കി മാറ്റുകയാണ് അക്കാദമിയുടെ ലക്ഷ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എല്ലാ ദിവസവും വൈകിട്ട് നാല് മണി മുതലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബിജി വർഗീസ് അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ യൂണിവേഴ്സിറ്റി താരവും സന്തോഷ് ട്രോഫി കേരള ടീം സെലക്ടറുമായ പ്രഹ്ലാദൻ, മുൻ ദേശീയ റഫറിയും കേരള ഹെഡ് ഓഫ് റഫറീസുമായ രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു.
ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ്, ജില്ലാ റഫറി അസോസിയേഷൻ സെക്രട്ടറി സന്തോഷ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ദിലിൻ സത്യനാഥ്, കായികാധ്യാപകരായ ബിനു, ഏലിയാമ്മ എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് സൗദാബി സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ പി. നൗഷാദ് നന്ദിയും പറഞ്ഞു.
