പുകപരിശോധന സര്‍ട്ടിഫിക്കറ്റിന് ഇനി മൂന്ന് വര്‍ഷം വരെ കാലാവധി, പുതിയ ചട്ടങ്ങളുമായി കേന്ദ്രം

വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍ വലിയ മാറ്റവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം, വിഭാഗം എന്നിവ കണക്കിലെടുത്താണ് പുതുക്കിയ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്.നവംബർ 13ന് വിജ്ഞാപനം ചെയ്ത ചട്ടപ്രകാരം ബിഎസ് 6 വാഹനങ്ങള്‍ക്ക് പുകപരിശോധന സർട്ടിഫിക്കറ്റിന് മൂന്ന് വർഷംവരെ കാലാവധി ലഭിക്കും.

 

വാഹനം ആദ്യമായി രജിസ്റ്റർ ചെയ്ത തീയതിയെ അടിസ്ഥാനമാക്കിയാണ് പഴക്കം നിശ്ചയിക്കുക.ബിഎസ്-6 സ്വകാര്യ വാഹനങ്ങളില്‍ രജിസ്ട്രേഷൻ തീയതി മുതല്‍ ആറ് വർഷംവരെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് മൂന്ന് വർഷത്തെ സാധുതയാകും. ആറ് വർഷത്തില്‍ കൂടുതലും 10 വർഷത്തില്‍ താഴെയും പഴക്കമുള്ള വാഹനങ്ങള്‍ ഓരോ വർഷവും സർട്ടിഫിക്കറ്റ് പുതുക്കണം. 10 വർഷത്തിന് മുകളില്‍ പഴക്കമുള്ളവയ്ക്ക് ആറ് മാസത്തിലൊരിക്കല്‍ പുതുക്കേണ്ടതുണ്ട്.ബിഎസ്-6 വാണിജ്യ വാഹനങ്ങളില്‍ ആറ് വർഷംവരെ രണ്ട് വർഷത്തിലൊരിക്കല്‍ പുകപരിശോധന സർട്ടിഫിക്കറ്റ് എടുത്താല്‍ മതി.

 

ആറ് വർഷത്തിന് മുകളിലും 10 വർഷത്തില്‍ താഴെയും പഴക്കമുള്ള വാഹനങ്ങള്‍ക്ക് വർഷത്തിലൊരിക്കല്‍ പുതുക്കണം. 10 വർഷത്തിന് മുകളില്‍ പഴക്കമുള്ളവയ്ക്ക് ആറ് മാസത്തിലൊരിക്കല്‍ പരിശോധന വേണം.ബിഎസ്-1, ബിഎസ്-2, ബിഎസ്-3 വിഭാഗങ്ങളിലെ എല്ലാ വാഹനങ്ങളും മൂന്ന് മാസത്തിലൊരിക്കല്‍ പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് കൈവശംവെക്കണം. ബിഎസ്-4 വാഹനങ്ങള്‍ക്ക് ആറ് മാസത്തിലൊരിക്കല്‍ പരിശോധന നടത്തേണ്ടതുണ്ട്.പുതിയ ഭേദഗതി ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുൻപ് എടുത്ത സർട്ടിഫിക്കറ്റുകള്‍ക്ക്, ചട്ടം പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ പുതുക്കലിന് ശേഷമായിരിക്കും പുതിയ കാലാവധി ബാധകമാകുക. കാലാവധി അവസാനിക്കുന്നതിന് 10 ദിവസം മുൻപ് പുതുക്കിയാല്‍ പഴയ സർട്ടിഫിക്കറ്റിന്റെ അവസാന തീയതി മുതലായിരിക്കും പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യം. കാലാവധി കഴിഞ്ഞ ശേഷം പുതുക്കുന്നവയ്ക്ക് പുതുക്കുന്ന തീയതി മുതലായിരിക്കും പ്രാബല്യം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!