നിലമ്പൂരിൽ മൂന്ന് പേർക്കും കോഴിക്കോട് വടകരയിൽ മൂന്ന് കുട്ടികൾക്കും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് ജില്ലകളിലായി 23 ഓളം പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയതായാണ് വിവരം.
മലപ്പുറം :നിലമ്പൂരിൽ നാല് വയസ്സുകാരിയടക്കം മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്ന് മന്തി കഴിച്ച രണ്ട് പേർക്കുമാണ് രോഗം ബാധിച്ചത്. ഇതിന് പുറമെ 23 ഓളം പേർക്ക് വയറിളക്കം, ഛർദി, വയറുവേദന എന്നീ ലക്ഷണങ്ങളുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.
കോഴിക്കോട് വടകര എസ്.ബി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കുട്ടികൾ രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ചികിത്സ തേടിയ ഒരു കുട്ടിക്ക് ആദ്യം രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രണ്ട് പേർക്ക് കൂടി ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്.നിലവിൽ സ്കൂളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ട് പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
