അര്‍ജുൻ ആയങ്കിയെ കുറിച്ച്‌ വിവരം നല്‍കിയത് ഓട്ടോഡ്രൈവര്‍

കണ്ണൂർ:ഒളിവില്‍ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ കുറിച്ച്‌ നിർണായക വിവരം നല്‍കിയത് ഓട്ടോ ഡ്രൈവറെന്ന് സൂചന. ഓട്ടോയിലാണ് അർജുൻ ആയങ്കി അഭിഭാഷകയുടെ വീട്ടിലെത്തിയത്. സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിരോധിച്ച്‌ പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ച ശേഷമാണ് വനിതാ അഭിഭാഷകയുടെ വീട്ടില്‍ നിന്ന് ആയങ്കിയെ പിടികൂടിയത്. അതിനിടെ, പൊലീസ് പിടിയിലായ അർജുൻ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങള്‍ മാത്രമാണെന്നും അർജുൻ ആയങ്കി പറഞ്ഞു. കീഴടങ്ങാൻ വന്നതല്ല കണ്ണൂരിലെന്നും ആയങ്കി പറഞ്ഞു. കടലില്‍ കാണാതായവരെ കിട്ടിയോ എന്നും ആയങ്കി പരിഹസിച്ചു. അതേസമയം, അർജുനെ ഒളിവില്‍ കഴിയാൻ സഹായിച്ചവർക്കായും അന്വേഷണം നടക്കുന്നുണ്ട്. വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ച ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് തീരുമാനം.

 

രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടില്‍ നിന്നാണ് പിടിയിലായത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവില്‍ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസില്‍ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികള്‍.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *