ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ലോഡ്ജ് മുറിയില്‍ യുവതിയേയും നവജാത ശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എടമുട്ടം സ്വദേശിനിയായ ജ്യോതി (30) ആണ് മരിച്ചത്. പ്രസവത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും, സംഭവത്തില്‍ ദുരൂഹതകള്‍ ഏറുകയാണ്. യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് നിലവില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.കഴിഞ്ഞ ജൂണ്‍ 27-ാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് ജ്യോതി തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ എത്തി 108-ാം നമ്പര്‍ മുറിയെടുത്തത്. നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവറാണ് യുവതിയെ ഇവിടെയെത്തിച്ചത്. ലോഡ്ജ് ജീവനക്കാര്‍ക്ക് ഈ ഓട്ടോ ഡ്രൈവറെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. എന്നാല്‍ മുറിയെടുക്കുന്ന സമയത്ത് യുവതി ഗര്‍ഭിണിയായിരുന്നു എന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് ലോഡ്ജ് ജീവനക്കാര്‍ പൊലീസിന് നല്‍കിയ മൊഴി.

 

മുറിയെടുത്തതിന് ശേഷം യുവതിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ ലോഡ്ജില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ഇയാള്‍ എത്തി മുറിയില്‍ തട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ സംശയം തോന്നി ലോഡ്ജ് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്ന വാതില്‍ ഏറെ ശ്രമത്തിനൊടുവില്‍ ബലം പ്രയോഗിച്ച് തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ അകത്തുകടന്നത്. ഈ പരിശോധനയിലാണ് ജ്യോതിയേയും കുഞ്ഞിനെയും മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

മുറിക്കുള്ളില്‍ പ്രസവം നടന്നതായും അതിനെത്തുടര്‍ന്നുള്ള അമിത രക്തസ്രാവമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ആകാം മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കരുതുന്നത്. എങ്കിലും മരണകാരണം സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണമായിട്ടില്ല. കസ്റ്റഡിയിലുള്ള ഓട്ടോ ഡ്രൈവറും യുവതിയും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധമെന്താണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ പൊലീസ് നിലവില്‍ മുറി സീല്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *