ദീപങ്ങളുടെ വെളിച്ചത്തിൽ തിളങ്ങുകയാണ് രാജ്യം. തിന്മയ്ക്ക് മേൽ നന്മയും ഇരുട്ടിന് മേൽ വെളിച്ചവും വിജയം നേടിയതിന്റെ ഓർമ പുതുക്കി ദീപാവലി ആഘോഷിക്കുകയാണ് ജനങ്ങൾ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകരുന്ന ദീപാവലി ഇന്ത്യയിലെ ഏറ്റവും വർണാഭമായ ആഘോഷങ്ങളിൽ ഒന്നാണ്. ജാതിമത ഭേദമന്യേ വിവിധ പ്രദേശങ്ങളിലുള്ളവർ ആഘോഷങ്ങളിൽ പങ്കുചേരുമ്പോൾ നാടെങ്ങും ഉത്സവാന്തരീക്ഷമാണ്.
വീടുകളും തെരുവുകളും ക്ഷേത്രങ്ങളും ദീപങ്ങളുടെ പ്രകാശത്താൽ അലങ്കരിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. മൺചിരാതുകളിൽ എണ്ണയൊഴിച്ച് തിരി തെളിയിച്ചും വർണാഭമായ വൈദ്യുത ദീപങ്ങൾ ഒരുക്കിയും വീടുകൾ മനോഹരമാക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ആവേശം പകരുന്ന ദിനമാണ് ദീപാവലി. പടക്കങ്ങളുടെ ശബ്ദവും വർണവിസ്മയങ്ങളും മധുരപലഹാരങ്ങളുടെ രുചിയും പുതുവസ്ത്രങ്ങളുടെ സന്തോഷവുമെല്ലാം ആഘോഷത്തിന്റെ ഭാഗമാകുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്ന് മധുരം കൈമാറിയും ആശംസകൾ നേർന്നും സന്തോഷം പങ്കിടുന്നു.
വടക്കേ ഇന്ത്യയിലാണ് ദീപാവലി ഏറ്റവും വിപുലമായി ആഘോഷിക്കപ്പെടുന്നത്. വീടുകൾ വൃത്തിയാക്കി അലങ്കരിക്കുന്നതും പൂക്കളും രംഗോലികളും ഒരുക്കുന്നതും പ്രത്യേക പൂജകൾ നടത്തുന്നതും ആഘോഷത്തിന്റെ ഭാഗമാണ്. സ്ത്രീകൾ കൈകളിൽ മെഹന്തി അണിഞ്ഞും പുതുവസ്ത്രങ്ങൾ ധരിച്ചും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം തേടി പ്രത്യേക പൂജകൾ നടത്തുന്നവരും നിരവധിയാണ്. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ വീടുകളിൽ സമൃദ്ധിയും സന്തോഷവും നിറയുമെന്നാണ് വിശ്വാസം.
ദീപാവലിയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുണ്ട്. പതിനാല് വർഷത്തെ വനവാസത്തിനുശേഷം രാവണനെ വധിച്ച് സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് ദീപാവലിയെന്നാണ് ഒരു വിശ്വാസം. രാമന്റെ മടങ്ങിവരവ് ആഘോഷിക്കാൻ അയോധ്യയിലെ ജനങ്ങൾ ദീപങ്ങൾ തെളിയിച്ചുവെന്നും അതിന്റെ തുടർച്ചയായാണ് ദീപാവലി ആഘോഷമെന്നും ഐതിഹ്യം പറയുന്നു. മറ്റൊരു വിശ്വാസമനുസരിച്ച് ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ഓർമ പുതുക്കുന്ന ദിനമാണ് ദീപാവലി. നരകാസുരന്റെ അഹങ്കാരത്തിനും ക്രൂരതയ്ക്കും അന്ത്യം കുറിച്ച് നന്മയുടെ വിജയം പ്രഖ്യാപിച്ച ദിനമായാണ് ഈ ഐതിഹ്യം ദീപാവലിയെ അടയാളപ്പെടുത്തുന്നത്.
ഐതിഹ്യങ്ങൾക്കും ആചാരങ്ങൾക്കും അപ്പുറം മനുഷ്യരെ ഒരുമിപ്പിക്കുന്ന ആഘോഷം എന്ന പ്രത്യേകതയും ദീപാവലിക്കുണ്ട്. ഇരുട്ടിനെ അകറ്റി വെളിച്ചം പകരുന്നതുപോലെ ജീവിതത്തിലെ നിരാശകളും പ്രതിസന്ധികളും മറികടന്ന് പ്രത്യാശയിലേക്ക് മുന്നേറാനുള്ള സന്ദേശമാണ് ദീപാവലി നൽകുന്നത്. പങ്കുവയ്ക്കലിന്റെയും പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രാധാന്യം ഓർമിപ്പിക്കുന്ന ഈ ഉത്സവം ഓരോ മനസിലും നന്മയുടെ വെളിച്ചം നിറയ്ക്കട്ടെ
