121 കിലോ സ്വർണം, 45 ആഭരണങ്ങൾ; മൂല്യം 160 കോടി രൂപ ; തിരുപ്പതി തിരുമല ഭഗവാന് വഴിപാട് നൽകി ഭക്തൻ

തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്വർണക്കാണിക്ക ലഭിച്ചു. 121 കിലോഗ്രാം ഭാരമുള്ള 45 സ്വർണാഭരണങ്ങളാണ് ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി വർധമാൻ ജെയിൻ ഭഗവാൻ വെങ്കിടേശ്വരന് സമർപ്പിച്ചത്.

ഏകദേശം 160 കോടി രൂപയിലധികം വിലമതിക്കുന്ന ഈ കാണിക്ക നവംബർ 26ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (TTD) കൈമാറി. ഒൻപത് സെറ്റുകളായാണ് ആഭരണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പ്രധാന വിഗ്രഹത്തിനും ഉത്സവസമയങ്ങളിൽ എഴുന്നള്ളിക്കുന്ന വിഗ്രഹങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവയുടെ രൂപകൽപ്പന. തിരുമല ക്ഷേത്രത്തിന് ഒരു വ്യക്തിയിൽനിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സ്വർണക്കാണിക്കയാണിതെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി.

സ്വർണക്കാണിക്കയിൽ ഭഗവാന്റെ കിരീടം, അരപ്പട്ട, തോളാഭരണങ്ങൾ, ശംഖ്, ചക്രം എന്നിവയുടെ രൂപത്തിലുള്ള ആഭരണങ്ങൾ, കൈകളിൽ അണിയിക്കുന്ന പ്രത്യേക ആഭരണങ്ങൾ, താമരപ്പാദ രൂപത്തിലുള്ള അലങ്കാരങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും അഗമശാസ്ത്ര നിർദേശങ്ങൾക്കും അനുസരിച്ചാണ് ആഭരണങ്ങൾ നിർമ്മിച്ചത്. ഇവയുടെ നിർമ്മാണത്തിന് ഏകദേശം 15 മാസമെടുത്തു. ചെന്നൈയിലെ ജ്വല്ലറിയിലാണ് ആഭരണങ്ങൾ തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ. കാണിക്കയുടെ കൈമാറ്റത്തിനായി തിരുമലയിലെ രംഗനായകുല മണ്ഡപത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ആഭരണങ്ങൾ ക്ഷേത്രത്തിലെ നിത്യപൂജകൾക്കും പ്രത്യേക ചടങ്ങുകൾക്കും ഉപയോഗിക്കാനാണ് തീരുമാനം. സ്വർണത്തിന്റെ വിപണിവില അനുസരിച്ച് ചില റിപ്പോർട്ടുകളിൽ ഈ ആഭരണങ്ങളുടെ ആകെ മൂല്യം 206 കോടി രൂപ വരെയാണെന്നും കണക്കാക്കിയിട്ടുണ്ട്.

 

ഈ മഹാദാനത്തിന് പിന്നിലെ ഭക്തന്റെ കഥയും ഏറെ ശ്രദ്ധേയമാണ്. നേരത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വെളിപ്പെടുത്തിയ വിവരങ്ങൾ പ്രകാരം, ഭഗവാൻ വെങ്കിടേശ്വരന്റെ പേരിൽ ഒരു സ്ഥാപനം ആരംഭിച്ച വർധമാൻ ജെയിൻ പിന്നീട് വലിയ വ്യവസായ വിജയമാണ് നേടിയത്. കമ്പനിയിലെ 60 ശതമാനം ഓഹരികൾ ഏകദേശം 1.5 ബില്യൺ ഡോളറിന് വിറ്റതിനെത്തുടർന്ന് സമ്പത്തിന്റെ ഒരു ഭാഗം ഭഗവാന് സമർപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തന്റെ വളർച്ചയ്ക്ക് ദൈവാനുഗ്രഹമാണ് കാരണമെന്ന് വിശ്വസിച്ചാണ് ഈ നേർച്ചയെന്നും റിപ്പോർട്ടുകൾ പറയുന്നു. തിരുമല ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന കാണിക്കകളുടെ ചരിത്രത്തിൽ പുതിയ റെക്കോർഡാണ് ഈ സംഭാവന സൃഷ്ടിച്ചിരിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!