തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതൽ എട്ട് വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാമെന്ന ഉത്തരവിറക്കി സർക്കാർ. റോഡ് സുരക്ഷ മുൻനിർത്തി ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്തുന്ന രീതി തുടരും. റോഡ് ടെസ്റ്റുകൾ നിയമക്രമം പാലിച്ച് റോഡിൽ തന്നെ നടത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്._
ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലും ഗ്രൗണ്ടുകളിലും ആർ ടി ഒ, സബ് ആർ ടി ഒ ഓഫിസുകളിലും ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും. റോഡ് സുരക്ഷ കണക്കിലെടുത്ത് ഡ്യുവൽ ക്ലച്ച്-ബ്രേക്ക് സംവിധാനമുള്ള വാഹനങ്ങളിൽ ടെസ്റ്റ് നടത്തുന്ന രീതി തുടരും.
പ്രതിദിനം 40 ടെസ്റ്റ് എന്ന മാനദണ്ഡം പാലിച്ചാവണം അപേക്ഷകൾ പരിഗണിക്കേണ്ടത്. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥപ്രകാരം ഓരോ ഡ്രൈവിങ് സ്കൂളിനും യോഗ്യതയുള്ള ഡ്രൈവിങ് ഇൻസ്ട്രക്ടർ ഉണ്ടാകണമെന്നും ടെസ്റ്റിന് അപേക്ഷകരെ ഹാജരാക്കുമ്പോൾ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.