നിലമ്പൂർ : പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി പി വി അൻവർ എംഎൽഎ. സിപിഎമ്മുമായി ഇടഞ്ഞതിന് പിന്നാലെ നിലമ്പൂരിൽ നിന്നുള്ള ഇടത് സ്വതന്ത്ര എംഎൽഎയായ പി വി അൻവർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു.ഇതിനിടെയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ വ്യക്തമാക്കിയത്. ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
യുവാക്കൾ അടക്കമുള്ള പുതിയ ടീം വരുമെന്ന് അൻവർ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും അൻവർ വ്യക്തമാക്കി
21 വയസായ ആർക്കും ഇവിടെ മത്സരിക്കാമല്ലോ. നമ്മളുയർത്തുന്ന വിഷയങ്ങളെയും നയങ്ങളെയും നമ്മൾ പറയുന്ന ആദർശങ്ങളേയും പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിയായിരിക്കും അതിന്റെ നേതാവ്. അയാൾ ചെറുതാകാം. വലുതാകാം. ആളുകളുടെ വലിപ്പം കാണിച്ച് അതിന് വോട്ട് വാങ്ങുകയല്ല. ഉയർത്തുന്ന ആശയങ്ങൾക്കും ആദർശങ്ങൾക്കും കാഴ്ചപ്പാടുകൾക്കുമൊപ്പം നിൽക്കാവുന്ന ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്’. ‘തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ ഈ പാർട്ടിയുടെ സ്ഥാനാർഥികൾ മത്സരിക്കും. അധികം വൈകാതെ പാർട്ടി പ്രഖ്യാപനം ഉണ്ടാവുമെന്നും അൻവർ പറഞ്ഞു.