കേരള ബജറ്റ് -2026 :കൃഷിക്കും അനുബന്ധ മേഖലകൾക്കും 2534 കോടി രൂപ; പാൽ ഉൽപാദനം ഒരു കോടി ലിറ്ററിലേക്ക്

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ കാർഷിക മേഖലയ്ക്കും അനുബന്ധ മേഖലകൾക്കുമായി 2534 കോടി രൂപ വകയിരുത്തി. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫ്രൂട്ട് ഫാമുകൾക്ക് പ്രത്യേക പരിഗണന നൽകും. ഫലവർഗ്ഗങ്ങൾ, പുഷ്പം എന്നിവ ഉൽപാദിപ്പിക്കുന്നവർക്കും പ്രോത്സാഹനം നൽകുമെന്ന് സർക്കാർ അറിയിച്ചു.

 

കാർഷിക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. കമ്മീഷൻ അവാർഡ് പ്രഖ്യാപിച്ച കർഷകരുടെ പ്രമാണങ്ങൾ തിരികെ നൽകാൻ നടപടി സ്വീകരിക്കും. നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിനും സംഭരണ വില കർഷകർക്ക് കൃത്യമായി ലഭ്യമാക്കുന്നതിനും സംവിധാനമുണ്ടാകും. നാളികേരത്തിനായി പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കും. കൃഷി സഖി എന്ന പേരിൽ പുതിയ വനിതാ കർഷക വികസന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് കൃഷിയിടങ്ങളിൽ ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കും. മണ്ണിന്റെ ആരോഗ്യവും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ശേഷിയും വർദ്ധിപ്പിക്കാൻ കേരള കാർബൺ ഫാമിംഗ് ആൻഡ് സോയിൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് പദ്ധതി നടപ്പിലാക്കും.

 

മൃഗസംരക്ഷണ മേഖലയ്ക്ക് 258.88 കോടി രൂപയാണ് വകയിരുത്തിയത്. മൃഗസംരക്ഷണ വകുപ്പിന് 137.24 കോടിയും, ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന് 29.89 കോടിയും, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷന് കോടി രൂപയും, എം ബി ഐക്ക് 5.85 കോടിയും, കേരള ഫീഡ്സിന് 19.20 കോടിയും, കേരള വെറ്റനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയ്ക്ക് 52 കോടിയും, കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന് 6.70 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. കെപ്പ്കോ ആശ്രയ പദ്ധതി വഴി ദാരിദ്ര്യ നിർമ്മാർജ്ജനം, വനിതാ ശാക്തീകരണം, വിധവകൾക്കുള്ള സാമ്പത്തിക സുരക്ഷ എന്നിവ ലക്ഷ്യമിടുന്നു. സ്കൂൾ കുട്ടികൾക്കായി പൗൾട്രി ക്ലബ്ബുകളും ഹൈഫർ റിയറിംഗ് സെന്ററുകളും സ്ഥാപിക്കും.

 

ക്ഷീരവികസന മേഖലയ്ക്ക് 1028 കോടി രൂപ വകയിരുത്തി. നിലവിൽ പ്രതിദിനം 70 ലക്ഷം ലിറ്റർ പാൽ ഉൽപാദിപ്പിക്കുന്ന സ്ഥാനത്ത്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് ഒരു കോടി ലിറ്ററായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അധികമായി വരുന്ന പാൽ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റും. ഡയറി ഫാർമേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് വഴി ക്ഷീരസാന്തരം പദ്ധതി നടപ്പിലാക്കും.

 

മത്സ്യബന്ധന മേഖലയ്ക്ക് 200.93 കോടി രൂപ വകയിരുത്തി. ഇതിൽ മത്സ്യബന്ധന വകുപ്പിന് 133.43 കോടിയും, ഹാർബർ എൻജിനീയറിംഗ് വകുപ്പിന് 34 കോടിയും, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസിന് 33.5 കോടിയും ഉൾപ്പെടുന്നു. കൂടാതെ 50 കോടി രൂപ അധികമായി നൽകും. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി വർദ്ധിപ്പിച്ചു. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതിയും, തീരദേശവാസികൾക്ക് പട്ടയവും ലഭ്യമാക്കും. കടൽക്ഷോഭം നേരിടാൻ കടൽഭിത്തി, ബ്രേക്ക് വാട്ടർ, ബീച്ച് നറീഷ്മെന്റ് തുടങ്ങിയ ശാസ്ത്രീയ നടപടികൾ സ്വീകരിക്കും. മുതലപ്പൊഴി ഹാർബറിലെ അപാകതകൾ പരിഹരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *