തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റ്

തൃശൂര്‍:നാടും നഗരവും പൂരലഹരിയിലേക്ക് അമരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തൃശൂര്‍ പൂരത്തിന്റെ പങ്കാളികളായ 10 ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറുന്നതോടെ വിശ്വപ്രസിദ്ധമായ പൂരച്ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമാകും.  ഇന്ന് രാവിലെ 11-നും 11.30-നും ഇടയിലാണ് കൊടിയേറ്റം. തുടര്‍ന്ന് നായ്‌ക്കനാലിലും നടുവിലാലിലും നീലയും മഞ്ഞയും കലര്‍ന്ന പൂരപ്പതാകകള്‍ ഉയരും. ഉച്ചയ്‌ക്ക് 3-ന് തിരുവമ്പാടി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പൂരം പുറപ്പാട് നടക്കും.

 

രാവിലെ 11.30-ന് സിംഹമുദ്രയുള്ള കൊടിക്കൂറ ഉയര്‍ത്തും. മണികണ്ഠനാലിലും പാലമരത്തിലും പാറമേക്കാവ് വിഭാഗം പതാകകള്‍ സ്ഥാപിക്കും. പാറമേക്കാവ് കാശിനാഥന്‍ തിടമ്പേറ്റുന്ന എഴുന്നള്ളിപ്പില്‍ 5 ആനകള്‍ അണിനിരക്കും. കണിമംഗലം ശാസ്താവ്, ചെമ്പൂക്കാവ് കാര്‍ത്യായനി തുടങ്ങി 8 ഘടകക്ഷേത്രങ്ങളിലും ഇന്ന് വിവിധ സമയങ്ങളിലായി കൊടിയേറ്റം നടക്കും. കൊടിമരം നിര്‍മിക്കാനുള്ള കവുങ്ങ് ഇന്നലെ രാവിലെ പാട്ടുരായ്‌ക്കലില്‍ നിന്ന് ഘോഷയാത്രയായി ക്ഷേത്രങ്ങളിലെത്തിച്ചു . കൊടിയേറ്റത്തിന് പിന്നാലെ വടക്കുന്നാഥന്റെ സന്നിധിയില്‍ ആറാട്ടും തിരിച്ചെഴുന്നള്ളത്തും നടക്കുന്നതോടെ നഗരം പൂരപ്രേമികളുടെ തിരക്കിലമരും.

 

ഏപ്രില്‍ 24 മുതല്‍ കൗസ്തുഭം ഓഡിറ്റോറിയത്തിലും ക്ഷേത്രം അഗ്ര ശാലയിലുമായി വര്‍ണ്ണാഭമായ ചമയപ്രദര്‍ശനം ഒരുങ്ങും. 26-ന് പുലര്‍ച്ചെ നടക്കുന്ന പ്രൗഢഗംഭീരമായ വെടിക്കെട്ടോടെ പൂരം അതിന്റെ പാരമ്യത്തിലെത്തും. 27-ന് പകല്‍പൂരം കഴിഞ്ഞ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ വിസ്മയക്കാഴ്ചകള്‍ക്ക് സമാപനമാകും


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *