തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ ഇന്ന് തൃശൂർ പൂരം. ഘടകരൂപങ്ങൾ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു തുടങ്ങി. കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്ന് പുലർച്ചെ 4.45 ഓടെ ആദ്യ ഘടകപൂരം തുടങ്ങി. മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തും.
11 മണിയോടെയാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിക്കുന്നത്. രണ്ട് മണിയോടെ പാറമേക്കാവിന്റെ ഇലഞ്ഞിത്ര മേളം നടക്കും. 250 കലാകാരന്മാരാണ് ഇലഞ്ഞിത്ര മേളത്തിൽ അണിനിരക്കുന്നത്. തുടർന്ന് തെക്കോട്ടിറക്കം. വെടിക്കെട്ട് ഒഴിവാക്കി കൊണ്ട് ചടങ്ങുകൾ മാത്രമായാണ് ഇത്തവണ പൂരം നടത്തുന്നത്. ഒരു മണിക്കൂർ ഉണ്ടായിരുന്ന കുടമാറ്റ ചടങ്ങുകൾ 15 മിനിറ്റിൽ പൂർത്തിയാക്കും. പരമാവധി 15 സെറ്റ് കുടകൾ മാത്രമായിരിക്കും മാറുക.
സാധാരാണ കുടമാറ്റത്തിന്റെ ദൈർഘ്യം ഒരു മണിക്കൂർ ആണ്. ഇരുദേവസ്വങ്ങളും ഈ ഒരു മണിക്കൂർ സമയം കൊണ്ട് 55 സെറ്റ് കുടകള്‍ മാറുന്നതായിരുന്നു പതിവ്. എന്നാൽ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷം ചുരുക്കിയതിനാൽ കുടമാറ്റച്ചടങ്ങുകൾ 15 മിനിറ്റിൽ പൂർത്തിയാക്കും. പൂരത്തിന്‍റെ മറ്റ് ചടങ്ങുകള്‍ക്ക് മാറ്റമുണ്ടാകില്ല. എട്ട് ഘടക പൂരങ്ങളും അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥന്റെ മുന്നിലെത്തും. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മേളവും നിശ്ചയിച്ച പ്രകാരം നടക്കും. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും അവതരിപ്പിക്കും.





