ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം ശക്തമായ വേനൽ മഴയിൽ മതിലിടിഞ്ഞ് രണ്ട് മലയാളികളുൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം. വിനോദയാത്രയ്ക്ക് എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത,സ്മിത എന്നിവരാണ് മരിച്ചത്. മഴയിൽ നിന്ന് രക്ഷ നേടി മതിലിന് സമീപം നിന്നവരാണ് അപകടത്തിൽപ്പെട്ടത്.
കുടുംബശ്രീയുടെ വിനോദയാത്രക്ക് വന്നവരാണ് അപകടത്തിൽ പെട്ടത്. 56 അംഗ സംഘമാണ് വന്നത്. അമൃതം പൊടി ഉണ്ടാക്കുന്ന യൂണിറ്റിലെ അംഗങ്ങളായിരുന്നു. പർച്ചേസിന് വേണ്ടിയാണ് ശിവാജി നഗറിൽ എത്തിയത്. മഴ പെയ്തപ്പോൾ ടാർപോളിൻ ഷീറ്റിന് കീഴിൽ വന്നു നിൽക്കുകയായിരുന്നു ഇവർ. റോഡിനോട് ചേർന്ന ആശുപത്രിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞുവീണത്. വൈകിട്ടോടെയാണ് ബെംഗളൂരു നഗരത്തിൽ വേനൽ മഴ പെയ്‌തത്. അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെയുണ്ട്.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽചൂട് 45 ഡിഗ്രിക്ക് മുകളിൽ എത്തിയതോടെ മഴ ഉണ്ടാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മഴ പെയ്‌തത്. ശക്തമായ മഴയിൽ നഗരത്തിലെ റോഡ് ഗതാഗതം തടസപ്പെട്ടു. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.



