ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തകർത്ത് ചെന്നെ സൂപ്പർ കിങ്സ് വിജയഗാഥ തുടരുന്നു. ഡൽഹി ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം വെറും 17.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ചെന്നൈ മറികടന്നു. ചെന്നൈയ്ക്കായി തകർപ്പൻ ബാറ്റിങ് കാഴ്‌ചവെച്ച മലയാളി താരം സഞ്ജു സാംസണാണ് ടീമിൻ്റെ വിജയശില്പി. 52 പന്തിൽ നിന്ന് പുറത്താവാതെ 87 റൺസ് അടിച്ചുകൂട്ടിയ സഞ്ജു തന്നെയാണ് മത്സരത്തിലെ ടോപ് സ്കോററും. ഡൽഹിയുടെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ സഞ്ജുവിന്റെ പ്രകടനം ചെന്നൈ ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്.
156 റൺസ് പിന്തുടർന്ന് ഇറങ്ങിയ ചെന്നൈയുടെ തുടക്കം അല്പം പതർച്ചയോടെയായിരുന്നു. വെറും ആറ് റൺസെടുത്ത ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക‌്വാദ് തുടക്കത്തിലേ പുറത്തായതോടെ ചെന്നൈ ഒന്ന് പതറി. എന്നാൽ രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണും ഉർവിൽ പട്ടേലും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു.പവർപ്ലേയിൽ ഒരു വിക്കറ്റിന് 44 റൺസ് എന്ന നിലയിലായിരുന്നു ചെന്നൈ. പിന്നാലെ 17 റൺസെടുത്ത ഉർവിൽ പട്ടേൽ കൂടി മടങ്ങിയതോടെ എട്ട് ഓവറിൽ 57-2 എന്ന നിലയിലായി ചെന്നെ. ഈ ഘട്ടത്തിൽ മത്സരം ഡൽഹിയുടെ കൈപ്പിടിയിലാകുമെന്ന് തോന്നിച്ചെങ്കിലും സഞ്ജു ക്രീസിൽ ഉറച്ചുനിന്നത് നിർണ്ണായകമായി
മൂന്നാം വിക്കറ്റിൽ സഞ്ജുവിനൊപ്പം കാർത്തിക് ശർമ ചേർന്നതോടെ കളി പൂർണ്ണമായും ചെന്നൈയുടെ നിയന്ത്രണത്തിലായി. 12-ാം ഓവറിൽ സഞ്ജു രണ്ട് സിക്സറും ഒരു ഫോറുമടക്കം 18 റൺസ് അടിച്ചെടുത്തതോടെ റൺറേറ്റ് കുതിച്ചുയർന്നു. ഇതേ ഓവറിൽ തന്നെ സഞ്ജു തൻ്റെ അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. 15-ാം ഓവറിൽ വീണ്ടും രണ്ട് സിക്സറുകളും ഒരു ഫോറും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നതോടെ ഡൽഹിയുടെ കൈയിൽ നിന്ന് മത്സരം വഴുതിപ്പോയി. സഞ്ജുവും കാർത്തിക്കും ചേർന്ന് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 114 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് വിജയമുറപ്പിച്ചത്. 31 പന്തിൽ 41 റൺസെടുത്ത കാർത്തിക് സഞ്ജുവിന് മികച്ച പിന്തുണ നൽകി
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ട്രിസ്റ്റൺ സ്റ്റബ്സും സമീർ റിസ്‌വിയുമാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സ്റ്റബ്‌സ് 31 പന്തിൽ 38 റൺസെടുത്തപ്പോൾ, 24 പന്തിൽ 40 റൺസുമായി പുറത്താവാതെ നിന്ന സമീർ റിസ്‌വിയാണ് ഡൽഹിയുടെ ടോപ് സ്കോററായത്. ചെന്നൈയ്ക്കായി നൂർ അഹമ്മദ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചു.
.




