പാചകവാതക ക്ഷാമവും വിലവര്‍ധനയും ഹോട്ടലുകള്‍ മെനു വെട്ടിക്കുറച്ചു ; ഭക്ഷണത്തിന് വില തോന്നുംപടി ചായകുടി കുറച്ചു സാധാരണക്കാർ

ബത്തേരി : പാചകവാതക ക്ഷാമവും വിലവര്‍ധനയും. ചില ഹോട്ടലുകളില്‍ ഭക്ഷണത്തിന്‍റെ വില തോന്നുംപടി. ചെറുകിട ഹോട്ടലുകളില്‍ ചായയ്ക്കും ഭക്ഷണത്തിനും മൂന്നും നാലും രൂപയാണു വര്‍ധിപ്പിച്ചതെങ്കില്‍ വലിയ ഹോട്ടലുകള്‍ 30 രൂപയോളമാണു വര്‍ധിപ്പിച്ചത്. ഒട്ടുമിക്ക ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെയാണു പ്രവര്‍ത്തിക്കുന്നത്.

 

വില വര്‍ധിപ്പിച്ചതിനൊപ്പം പലഹോട്ടലുകളിലും ഭക്ഷണത്തിന്‍റെ മെനുവും വെട്ടിക്കുറച്ചു. ലൈവായി ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ മിക്ക ഹോട്ടലുകളും ഒഴിവാക്കി. ലൈവ് ദോശ, പൊറോട്ട, ചപ്പാത്തി എന്നിവ ചില ഹോട്ടലുകള്‍ ഒഴിവാക്കിയപ്പോള്‍ ചില ഹോട്ടലുകളില്‍ ഊണാണ് ഒഴിവാക്കിയത്. സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസില്‍ ഉച്ചയൂണ് പൂര്‍ണമായും നിര്‍ത്തലാക്കി. കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്ന മസാലദോശ, നെയ്യ് റോസ്റ്റ്, പൊറോട്ട എന്നിവ രാവിലെയും വൈകുന്നേരവും മാത്രമാക്കി. കോഫി ഫൗസിലെ കാപ്പിയും നിശ്ചിത സമയത്ത് മാത്രമേ ലഭിക്കുകയുള്ളൂ.

 

ചില ഹോട്ടലുകളില്‍ ചായക്ക് 15 മുതല്‍ 18 രൂപവരെ ഈടാക്കുന്പോൾ കാപ്പിക്ക് 25 മുതല്‍ 30 രൂപ വരെയാണ് ഈടാക്കുന്നു. വില വര്‍ധന സാധാരണക്കാര്‍ക്ക് ഇരുട്ടടിയായതിനൊപ്പം ചായയും കാപ്പിയും കുടിക്കുന്നത് പലരും കുറച്ചു. പലരും ഓഫീസുകളിലും മറ്റും കെറ്റില്‍ വാങ്ങി ചായ ഉണ്ടാക്കി കുടിക്കുന്ന രീതിയിലേക്ക് മാറി.

 

ഉച്ചയൂണിനും പലയിടത്തും പല വിലയാണ്. മുമ്പു 80 രൂപയ്ക്കു കിട്ടിയിരുന്ന ഉച്ചയൂണിന് ചെറുകിട ഹോട്ടലുകളില്‍ ഇപ്പോള്‍ 100 മുതല്‍ 120 രൂപവരെയായി. ഇടത്തരം ഹോട്ടലുകളില്‍ വില 140 രൂപ മുതല്‍ 180 രൂപവരെയാണ്. സ്പെഷല്‍ മീല്‍സ് എന്ന പേരിലുള്ള ഊണാണെങ്കില്‍ വില പിന്നെയും ഉയരും. ചില വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ഒരു ഊണിന് 250 രൂപയാണ് വില, ഒരു സെറ്റ് ചപ്പാത്തിക്ക് 95 രൂപയും ജിഎസ്ടിയും ചേര്‍ത്ത് 100 രൂപ നല്‍കണം. ഒരു ചായയും രണ്ട് ഉഴുന്നുവടയും കഴിച്ചു വിശപ്പടക്കാമെന്നുവച്ചാല്‍ 69 രൂപയും നല്‍കണം.

 

എല്‍പിജി സിലിണ്ടറിന്‍റെ ലഭ്യതക്കുറവും കരിഞ്ചന്തയില്‍ സിലിണ്ടറുകള്‍ വാങ്ങേണ്ടി വരുന്നു എന്നീ കാരണങ്ങളാണു വില വര്‍ധനവിനു ഹോട്ടലുടമകള്‍ പറയുന്നത്.എന്നാല്‍, ഹോട്ടലുകളില്‍ 60 ശതമാനത്തിലേറെ പാചകവാതക സിലിണ്ടര്‍ ലഭിക്കുന്നുണ്ടെന്നും അതിനാല്‍ കരിഞ്ചന്തയെ ആശ്രയിക്കേണ്ട കാര്യമില്ലെന്നുമാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

അമിതമായ നിരക്ക് ഈടാക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാട് അസോസിയേഷനുകള്‍ക്കുമുണ്ട്. എന്നാല്‍, ഇതും ചോദ്യം ചെയ്യപ്പെടുന്നില്ല. ഒന്നുകില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കണം, അല്ലെങ്കില്‍ ഗുണമേന്മ കുറയക്കണമെന്നതാണു സ്ഥിതിയെന്ന് ഉടമകള്‍ പറയുന്നു. ഗുണമേന്മ കുറച്ചാല്‍ ഉപയോക്താക്കളെ നഷ്ടമാകുമെന്നതിനാല്‍ വില വര്‍ധിപ്പിക്കുകയേ നിവൃത്തിയുള്ളൂവെന്നാണ് ഇവരുടെ പക്ഷം.

 

അതേസമയം ജില്ലയിലെ വിവിധ നഗരങ്ങളില്‍ ഉള്‍പ്പെടെ ഭൂരിഭാഗം ബേക്കറികളിലും ചായയും കാപ്പിയും നല്കുന്നതു താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിരവധിപ്പേര്‍ ആശ്രയിക്കുന്ന വഴിയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബജിക്കടകളിലും ചെറുകടികള്‍ക്കു വില വര്‍ധിപ്പിച്ചിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *