സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകള്‍ അന്തിമഘട്ടത്തിലേക്ക്. മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പൂർണ ചിത്രം വ്യക്തമാകുമെന്നാണ് വിവരം.അന്തിമ പട്ടിക ഉച്ചയ്ക്ക് ശേഷം ഗവർണർക്ക് കൈമാറും. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ഏറെക്കുറെ തീരുമാനമായിട്ടുണ്ടെങ്കിലും, കോണ്‍ഗ്രസിന്റെ ഔദ്യോഗിക പട്ടിക തയ്യാറാക്കുന്നതില്‍ അവസാനവട്ട ചർച്ചകള്‍ പുരോഗമിക്കുകയാണ്. നിലവില്‍ പട്ടം ബിഷപ്പ് ഹൗസിലാണ് നിർണായക ചർച്ചകള്‍ നടക്കുന്നത്. ആരോഗ്യം കെ മുരളീധരനും റെവന്യൂ സണ്ണി ജോസഫും കൈകാര്യം ചെയ്യും.
നേരത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ നിയമസഭാ സ്പീക്കറാകുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍. വനിതാ പ്രതിനിധിയായി മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് കരുതിയിരുന്ന ഷാനിമോള്‍ ഉസ്മാനെ നിലവില്‍ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കാണ് പരിഗണിക്കുന്നത്. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ നല്‍കുമെന്ന കാര്യത്തില്‍ ഇന്നലെത്തന്നെ ധാരണയായിരുന്നു. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കള്‍ നിലവില്‍ പാലക്കാട് നന്ദാവനം ഹാളിലുണ്ട്. ഇവർ പ്രഖ്യാപന സമയത്ത് കെ.പി.സി.സി ഓഫീസില്‍ എത്തിയേക്കും.
ഇത്തവണ മികച്ച വിജയം നേടിയ കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ക്കായി ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ ജില്ലാ സാമുദായിക പരിഗണനകളും കോണ്‍ഗ്രസിന്റെ സ്വന്തം സീറ്റ് നിലയും (63 അംഗങ്ങള്‍) ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വം ഇവരെ അനുനയിപ്പിച്ചു. പുതിയ ധാരണപ്രകാരം കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഒരു ചീഫ് വിപ്പ് പദവിയും ലഭിക്കും. മോൻ ജോസഫ് ആയിരിക്കും മന്ത്രി. അദ്ദേഹം നേരത്തെ കൈകാര്യം ചെയ്ത ജലവിഭവ വകുപ്പിനൊപ്പം കൃഷി വകുപ്പുകൂടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, രണ്ട് പ്രധാന വകുപ്പുകള്‍ ഒരുമിച്ച് നല്‍കാൻ സാധ്യത കുറവാണ്. ചീഫ് വിപ്പ് പദവിയിലേക്ക് തോമസ് ഉണ്ണിയാടൻ, അപു ജോണ്‍ ജോസഫ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. ഉണ്ണിയാടനെ അനുകൂലിച്ച് എം.എല്‍.എ ഹോസ്റ്റലിന് മുന്നില്‍ ചെറിയ പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.
മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടുന്ന ടേം വ്യവസ്ഥ’യില്‍ അനൂപ് ജേക്കബിനും മാണി സി. കാപ്പനും ആദ്യം കടുത്ത അമർഷമുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതല്ലാതെ മറ്റു വഴികളില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇവരെ ബോധ്യപ്പെടുത്തി. ഇതനുസരിച്ച് ആദ്യ രണ്ടര വർഷം അനൂപ് ജേക്കബും, തുടർന്നുള്ള രണ്ടര വർഷം മാണി സി. കാപ്പനും മന്ത്രിമാരാകും.
ആർ.എസ്.പിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നതില്‍ തർക്കമില്ല. ഷിബു ബേബി ജോണ്‍ ജലവിഭവ വകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ വകുപ്പ് മോൻ ജോസഫിന് നല്‍കുകയാണെങ്കില്‍ ഷിബു ബേബി ജോണിന് മറ്റ് സുപ്രധാന വകുപ്പുകള്‍ നല്‍കും. സി.എം.പിക്ക് അഞ്ച് വർഷവും പൂർണ്ണ മന്ത്രിസ്ഥാനം ലഭിക്കും. സഹകരണം അടക്കമുള്ള വകുപ്പുകളാണ് സി.എം.പിക്കായി പരിഗണനയിലുള്ളത്. സൂപ്രധാന വകുപ്പുകളെല്ലാം കോണ്‍ഗ്രസ് സ്വന്തം കൈകളില്‍ സൂക്ഷിക്കാനാണ് സാദ്ധ്യത.

