മറയൂർ : ഇടുക്കി മറയൂരിൽ ട്രാവലർ വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. കാന്തല്ലൂരിൽ നിന്നും മറയൂരിലേക്ക് വരുന്ന വഴി ആനക്കോട്ടപ്പാറ വളവിലാണ് അപകടം നടന്നത്. തമിഴ്നാട്ടിലെ നുങ്കമംപാക്കം സ്വദേശികളായ 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർക്കാണ് പരിക്കേറ്റത്. നിയന്ത്രണം നഷ്ടപ്പെട്ട വാൻ തലകീഴായി മറിഞ്ഞ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
താഴ്ചയിലുണ്ടായിരുന്ന ഒരു മരത്തിൽ ഇടിച്ചു നിന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

