നെല്ലിയാമ്പതി (പാലക്കാട്): നെല്ലിയാമ്പതി മേഖലയിലെ പ്രശസ്‌തനായ കാട്ടാന ചില്ലിക്കൊമ്പൻ ചരിഞ്ഞു. പറമ്പികുളം വന്യജീവി സങ്കേതത്തിന് താഴെ ആളിയാർ ഡാമിൽ നിന്നും പോകുന്ന കനാലിൽ വീണാണ് ചില്ലിക്കൊമ്പൻ ചരിഞ്ഞത്. കനാൽ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു . ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെടുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാർ കോണ്ടൂർ കനാലിനടുത്ത് ചില്ലിക്കൊമ്പന്റെ ജഡം കണ്ടെത്തിയത്.

ഒഴുക്കിൽപ്പെട്ട ജഡം പിന്നീട് തിരുമൂർത്തി അണക്കെട്ട് ഭാഗത്തുനിന്ന് തമിഴ്നാട് വനംവകുപ്പ് ഞായറാഴ്ച ഉച്ചയോടെ പുറത്തെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചരിഞ്ഞത് ചില്ലിക്കൊമ്പൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. സവിശേഷമായ കൊമ്പുകളുടെ ആകൃതിയും സൗമ്യമായ സ്വഭാവവുമാണ് ചില്ലിക്കൊമ്പനെ മറ്റാനകളിൽ നിന്ന് വ്യത്യസ്തനാക്കിയത്. ഈറത്തണ്ട് പോലെ നീണ്ടുനിൽക്കുന്ന കൊമ്പുകൾ കാരണം നാട്ടുകാർ തന്നെയാണ് ആനയ്ക്ക് “ചില്ലിക്കൊമ്പൻ” എന്ന പേര് നൽകിയത്.

