IPL- 2026 ഗുജറാത്തിനെ തകർത്ത് ആർസിബി ഫൈനലിൽ

ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഫൈനലിലേക്ക് രാജകീയ പ്രവേശനവുമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ആവേശകരമായ ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ 92 റൺസിന് തകർത്താണ് ആർസിബി തുടർച്ചയായ രണ്ടാം വർഷവും ഫൈനലിൽ ഇടംപിടിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരു ഉയർത്തിയ 255 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 19.3 ഓവറിൽ 162 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ആർസിബിക്കായി തകർപ്പൻ ബൗളിങ് കാഴ്ചവെച്ച ജേക്കബ് ഡഫി മൂന്ന് വിക്കറ്റെടുത്തു. നേരത്തേ വിരാട് കോലി, ക്രുണാൽ പാണ്ഡ്യ, രജത് പാട്ടിദാർ എന്നിവരുടെ തകർപ്പൻ ഇന്നിങ്സുകളാണ് ബെംഗളൂരുവിന് ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ സമ്മാനിച്ചത്.

 

കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് പവർ പ്ലേ ഓവറുകളിൽ തന്നെ കനത്ത പ്രഹരമേറ്റു. പവർ പ്ലേ അവസാനിക്കുമ്പോൾ തന്നെ അഞ്ച് മുൻനിര വിക്കറ്റുകളാണ് അവർക്ക് നഷ്ട‌മായത്. മൂന്നാം ഓവറിൽ ഓപ്പണർ സായ് സുദർശൻ്റെ (14) വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്‌ടമായത്. തൊട്ടുപിന്നാലെ ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ വെറും രണ്ട് റൺസ് മാത്രമെടുത്ത് കൂടാരം കയറിയതോടെ ഗുജറാത്ത് കടുത്ത സമ്മർദ്ദത്തിലായി. പിന്നീട് ക്രീസിലെത്തി തകർത്തടിച്ച ജോസ് ബട്ട്ലർ (11 പന്തിൽ 29) ടീമിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും അമ്പത് റൺസ് പിന്നിട്ട ഉടനെ താരം പുറത്തായി. അഞ്ചോവറിൽ 51-3 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ ഗുജറാത്ത്

 

റാസിഖ് സലാം ദാർ എറിഞ്ഞ ആറാം ഓവറിൽ ഗുജറാത്ത് ബാറ്റിങ് നിര അക്ഷരാർഥത്തിൽ തകരുകയായിരുന്നു. ഒരു റൺ പോലും വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ആ ഓവർ മത്സരത്തിൽ നിർണായകമായി മാറി. നിഷാന്ത് സിന്ധു (5), ജേസൺ ഹോൾഡർ (0) എന്നിവരാണ് ആ ഓവറിൽ പുറത്തായത്. പിന്നീട് വന്ന മധ്യനിരയ്ക്ക് ആർസിബി ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വാഷിങ്ടൺ സുന്ദർ (8), റാഷിദ് ഖാൻ (8), കഗിസോ റബാദ (9) എന്നിവരും നിരാശപ്പെടുത്തി. ഗുജറാത്തിനായി രാഹുൽ തെവാട്ടിയ മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. 43 പന്തിൽ 9 സിക്സറുകളുടെ അകമ്പടിയോടെ 68 റൺസെടുത്ത തെവാട്ടിയയുടെ പ്രകടനം തോൽവിഭാരം കുറയ്ക്കാൻ വേണ്ടി മാത്രമാണ് സഹായിച്ചത്. ഒടുവിൽ 162 റൺസിന് ടീം ഓൾഔട്ടായി.

 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് ഓപ്പണർ വെങ്കടേഷ് അയ്യർ (7 പന്തിൽ 19) വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ വെങ്കടേഷ് ആദ്യ ഓവറിൽ 14 റൺസ് നേടി. തൊട്ടടുത്ത ഓവറിൽ റബാദയ്ക്കെതിരെ സിക്‌സറും നേടിയ വെങ്കടേഷ് തൊട്ടടുത്ത ഓവറിൽ പുറത്തായി. എന്നാൽ പിന്നീടെത്തിയ ദേവ്‌ദത്ത് പടിക്കലും വിരാട് കോലിയും ഇതേ വേഗതയിൽ തന്നെ റൺസ് ഉയർത്തിയതോടെ ആർസിബി സ്കോർ കുതിച്ചുയർന്നു. പവർപ്ലേ അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 76 എന്ന നിലയിലായിരുന്നു ആർസിബി. ഐപിഎൽ പ്ലേഓഫിലെ ഏറ്റവും ഉയർന്ന നാലാമത്തെ പവർപ്ലേ സ്കോറാണിത്. ഒൻപതാം ഓവറിൽ കോലിയെയും പടിക്കലിനെയും ഒന്നിടവിട്ട പന്തുകളിൽ പുറത്താക്കി ജയ്സൻ ഹോൾഡർ ആർസിബിക്ക് ഇരട്ടപ്രഹരം നൽകി.

 

ഇതിനുശേഷമാണ് നാലാം വിക്കറ്റിൽ രജത് പാട്ടിദാറും ക്രുനാൽ പാണ്ഡ്യയും ഒന്നിച്ചത്. ഇരുവരും നിലയുറപ്പിക്കാൻ സമയമെടുത്തതോടെ മധ്യഓവറുകളിൽ റൺറേറ്റ് അല്പം കുറഞ്ഞു. എന്നാൽ 15-ാം ഓവറിൽ കുൽവന്ത് ഖെജോലിയ്ക്കെതിരെ 28 റൺസ് അടിച്ചുകൂട്ടിയാണ് ആർസിബി വീണ്ടും മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്. പിന്നീടുള്ള അഞ്ച് ഓവറുകളിൽ 21, 15, 10, 21, 19 എന്നിങ്ങനെയായിരുന്നു ആർസിബിയുടെ റൺവേട്ട. ഇതിനിടെ ക്രുനാൽ പാണ്ഡ്യയും ടിം ഡേവിഡും പുറത്തായെങ്കിലും രജത് പാട്ടിദാർ തകർത്തടിച്ച് മുന്നേറി. ആകെ 9 സിക്‌സും 5 ഫോറും പറത്തി 93 റൺസ് നേടിയ പാട്ടിദാറാണ് ആർസിബിയുടെ ടോപ് സ്കോറർ. ഏഴാമനായി ഇറങ്ങിയ ജിതേഷ് ശർമ 15 റൺസോടെ പുറത്താകാതെ നിന്നു.

 

നിശ്ചിത 20 ഓവറിൽ ബംഗളൂരു അടിച്ചുകൂട്ടിയ 255 റൺസ് ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടലാണ്. 2023-ൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് നേടിയ 233/3 എന്ന റെക്കോർഡാണ് ആർസിബി തകർത്തത്. ഗുജറാത്തിനായി കഗീസോ റബാദയും ജയ്സൻ ഹോൾഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരാജയപ്പെട്ടെങ്കിലും ഗുജറാത്തിന് ഫൈനലിൽ പ്രവേശിക്കാൻ ഇനിയും ഒരു അവസരമുണ്ട്. എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി ഗുജറാത്ത് ക്വാളിഫയർ 2-ൽ ഏറ്റുമുട്ടും. അതിൽ വിജയിക്കുന്നവരാകും കലാശപ്പോരാട്ടത്തിൽ ബംഗളൂരുവിന്റെ്റെ എതിരാളികൾ. രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ബുധനാഴ്‌ചത്തെ എലിമിനേറ്റർ പോരാട്ടം.

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *