കോഴിക്കോട്: വീട്ടുനുള്ളിലെ ഡൈനിങ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി .അത്താണി കരിമ്പയിൽ ഇലാഹിയ സ്കൂളിന് സമീപം മീത്തലെ ചാലക്കൽ സുബിൻപ്രേം – അഭിരാമി ദമ്പതികളുടെ ഇളയ മകളായ അല്ലി എന്ന അലംകൃതയാണ് നോവായി മാറിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം നടന്നത്. കുട്ടിക്ക് സാധാരണയായി ഡൈനിങ് ടേബിളിൽ തനിയെ കയറുന്ന ശീലമുണ്ടായിരുന്നു. രാവിലെ പെട്ടെന്ന് വലിയൊരു ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ അലംകൃത നിലത്ത് ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ കുട്ടിയെ സമീപത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക പരിശോധനയിൽ കുട്ടിയുടെ പൾസ് നിരക്ക് ക്രമാതീതമായി കുറയുന്നതായി കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾ ഫലം കാണാതെ വ്യാഴാഴ്ച പുലർച്ചെയോടെ കുട്ടി മരണത്തിന് കീഴടങ്ങി.

