കൊച്ചി: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള (89) അന്തരിച്ചു. രാത്രി 9.12ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൂന്നാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2006ലും 2011ലും കോതമംഗലത്ത് നിന്ന് വിജയിച്ച് സഭയിലെത്തി. പി.ജെ ജോസഫ് രാജിവെച്ച ഒഴിവില്‍ 2006 നവംബര്‍ മുതല്‍ 2007 സെപ്റ്റംബര്‍ രണ്ട് വരെയാണ് ടി.യു കുരുവിള മന്ത്രിയായിരുന്നത്. കോതമംഗലം ഊഞ്ഞപ്പാറയില്‍ ഉതുപ്പ്-മറിയം ദമ്പതികളുടെ മകനായി 1936ലാണ് ജനനം. സിവില്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ ബിരുദധാരിയാണ്. ലണ്ടനിലെ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓണററി ഡി.ലിറ്റ് ബിരുദം ലഭിച്ചിട്ടുണ്ട്.
ഭാര്യ: ഊഞ്ഞാപ്പാറ കല്ലുങ്കല്‍ കുടുംബാംഗം ചിന്നമ്മ. മക്കള്‍: റീന, ഡോ. രേണു, റെമി, ഡോ. രേഖ, എല്‍ദോ. മരുമക്കള്‍: ഡോ. പോള്‍ ജേക്കബ്, പരേതനായ പൗവ്വല്‍സ് കുര്യന്‍, തോമസ് മുത്തൂറ്റ്, പരേതനായ സുദീപ് തോമസ് ജോണ്‍, റിതിക അസറിയ.

